കൊല്ലാന്‍ കഴിഞ്ഞേക്കാം; തോല്‍പ്പിക്കാന്‍ കഴിയില്ലയെന്ന് കെ ടി ജലീല്‍

തിരുവനന്തപുരം: ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കാം; തോല്‍പ്പിക്കാന്‍ കഴിയില്ലയെന്ന് കെ ടി ജലീല്‍. മന്ത്രി കെടി ജലീല്‍ രാജിക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ഫേസ് ബുക്ക് കുറിപ്പിലാണ് ഈ വാചകങ്ങള്‍.

മന്ത്രിയുടെ ഫേസ് ബു്ക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. കട്ടതിന്റെ പേരിലോ അഴിമതി നടത്തിയതിന്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിന്റെ പേരിലോ അന്യന്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിന്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിന്റെ പേരിലോ ആര്‍ഭാട ജീവിതം നയിച്ചതിന്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിന്റെ പേരിലോ ‘ഇഞ്ചികൃഷി’ നടത്തി ധനസമ്പാദനം നടത്തിയതിന്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിന്റെ പേരിലോ ദേശ ദ്രോഹ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലോ തൊഴില്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ച്‌ ഡല്‍ഹിയില്‍ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിന്റെ പേരിലോ സുനാമി ഗുജറാത്ത്കത്വ പ്രളയ ഫണ്ടുകള്‍ പിരിച്ച്‌ മുക്കിയതിന്റെ പേരിലോ പാലാരിവട്ടം പാലം പണിയാന്‍ നീക്കിവെച്ച കോടികള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിന്റെ പേരിലോ സ്വന്തം മകന് സിവില്‍ സര്‍വീസ് പരീക്ഷക്ക് മുഖാമുഖത്തില്‍ എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരനേക്കാള്‍ മാര്‍ക്ക് ഒപ്പിച്ചു കൊടുത്തതിന്റെ പേരിലോ ആയിരുന്നില്ല നിരന്തരമായ, മാപ്പര്‍ഹിക്കാത്ത ഈ വേട്ടയാടലുകള്‍. ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോധ്യമാണ് വലതുപക്ഷത്തിന്റെയും മാധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും അണുമണിത്തൂക്കം കൂസാതെ പിടിച്ചു നില്‍ക്കാന്‍ ഈയുള്ളവന് കരുത്തായത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അരിച്ച്‌ പെറുക്കി പരിശോധിച്ചിട്ടും തെറ്റിന്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതു ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞാന്‍ കാണുന്നത്. മാധ്യമ അന്വേഷണ സംഘങ്ങള്‍ ഉള്‍പ്പടെ ഏത് അന്വേഷണ ഏജന്‍സികള്‍ക്കും ഇനിയും ആയിരം വട്ടം എന്റെ വീട്ടിലേക്ക് സ്വാഗതം. ഇത് വെറുംവാക്കല്ല, ഉള്ളില്‍ തട്ടിയുള്ള പറച്ചിലാണ്.

ലീഗും കോണ്‍ഗ്രസ്സും മാധ്യമ സിന്‍ഡിക്കേറ്റും തൊടുത്തുവിട്ട ശരവ്യൂഹം ഫലിക്കാതെ വന്നപ്പോള്‍ ഉണ്ടായ ജാള്യം മറച്ചുവെക്കാന്‍ കച്ചിത്തുരുമ്പ് തേടി നടന്നവര്‍ക്ക് ‘സകറാത്തിന്റെ ഹാലില്‍’ (മരണത്തിന് തൊട്ടുമുന്‍പ്) കിട്ടിയ ഒരേയൊരു പിടിവള്ളിയായിരുന്നു ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സംഭവിച്ചതായി അവര്‍ കണ്ടെത്തിയ ലോകായുക്തയുടെ ചില പരാമര്‍ശങ്ങള്‍. അതുവെച്ചാണ് രണ്ടു മൂന്നു ദിവസങ്ങളായി മുസ്ലിംലീഗും കോണ്‍ഗ്രസ്സും വലതു പക്ഷ മാധ്യമ സേനയും ‘കിട്ടിപ്പോയ്’ എന്ന മട്ടില്‍ തൃശൂര്‍ പൂരത്തെ വെല്ലുന്ന വെടിക്കെട്ടുകള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. പ്രസ്തുത വിധി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്ന സാഹചര്യത്തിലാണ് തത്സംബന്ധമായ വിഷയത്തിലെ വിധിക്ക് കാത്ത് നില്‍ക്കാതെ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച്‌ രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്തിക്ക് ഇന്ന് ഉച്ചക്ക് 12 മണിക്ക് കൈമാറിയത്. ‘ജലീല്‍വേട്ടക്ക്’ തല്‍ക്കാലത്തേക്കെങ്കിലും ഇതോടെ ശമനമാകുമെന്ന് പ്രതീക്ഷിക്കാം. ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന സമുദായ രാഷ്ട്രീയത്തിന്റെയും ചീഞ്ഞ മുട്ട കണക്കെ കെട്ടുനാറുന്ന മത രാഷ്ട്ര വര്‍ഗീയ തത്വശാസ്ത്ര പ്രചാരകരുടെയും കുല്‍സിത തന്ത്രങ്ങള്‍ക്കെതിരെയുള്ള പോരാട്ടം മേലിലും തുടര്‍ന്നുകൊണ്ടേയിരിക്കും. വലതുപക്ഷവും മാധ്യമപ്പടയുമുള്‍പ്പെടെ അങ്കത്തട്ടില്‍ നിലയുറപ്പിച്ച ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കാം; തോല്‍പ്പിക്കാന്‍ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും. നല്ല ഉറപ്പോടെ’.

 

spot_img

Related Articles

Latest news