വാഹനങ്ങളെ വീണ്ടും പൂട്ടാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. അമിതമായി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം പ്രത്യേക പരിശോധന നടത്തും. ഈ മാസം 15 മുതല്‍ 30 വരെ പ്രത്യേക പരിശോധന നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
മലിനീകരണ നിയന്ത്രണ വ്യവസ്ഥകള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹരിത ട്രിബ്യൂണല്‍ അടുത്തിടെ നിര്‍ദ്ദേശം നല്കിയതായിരുന്നു.
ഇതിന്റെ ഭാഗമായാണ് നടപടി എടുക്കുവാനുള്ള തീരുമാനം. അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിശോധനയില്‍ അമിതമായി പുക പുറംതള്ളുന്ന വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് വാഹന പുക പരിശോധന കാര്യക്ഷമമല്ലെന്ന് നേരത്തെ തന്നെ പരാതികള്‍ വന്നിട്ടുണ്ടായിരുന്നു. വാഹനം പരിശോധിക്കാതെയും കൃത്രിമ പരിശോധനാ ഫലം രേഖപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഇതോടെയാണ് വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. അതേസമയം, സംസ്ഥാനത്തെ പുക പരിശോധന കേന്ദ്രങ്ങള്‍ ഓണ്‍ലൈനാക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്.