വീടുകളിൽ പൈപ്പ് വഴി ഗ്യാസ് ഏപ്രിൽ മുതൽ

സിറ്റി ഗ്യാസ് പദ്ധതി: വീടുകളില്‍ ഏപ്രിലോടെ ഗ്യാസ്

കണ്ണൂർ: ഗെയിൽ പൈപ്പ്‌ ലൈനിൻ്റെ ഭാഗമായി പൈപ്പുകള്‍ വഴി വീടുകളില്‍ നേരിട്ട് പാചകവാതകം എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസിന്റെ ഗാര്‍ഹിക കണക്ഷനുകള്‍ ഏപ്രില്‍ അവസാനത്തോടെ ജില്ലയില്‍ സജ്ജമാകും. ഇതുമായി ബന്ധപ്പെട്ട പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞതായി സിറ്റി ഗ്യാസ് പദ്ധതി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫെബ്രുവരി ആദ്യ വാരത്തോടെ കൂടാളി, അഞ്ചരക്കണ്ടി, മുണ്ടേരി പഞ്ചായത്തുകളില്‍ വീടുകളിലേക്ക് പൈപ്പ് ഇടുന്ന പ്രവൃത്തി ആരംഭിക്കും. ഇതിനായുള്ള വെല്‍ഡിംഗ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മൂന്ന് പഞ്ചായത്തുകളിലായി 500 ഓളം വീടുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കണക്ഷന്‍ ലഭിക്കുക.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രമായ സിറ്റി ഗ്യാസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടാളിയില്‍ പുരോഗമിക്കുകയാണ്. സിറ്റി ഗ്യാസ് സ്‌റ്റേഷന്‍ പരിധിയിലുള്ള വീടുകളിലാണ് ആദ്യം പാചക വാതകം (പിഎന്‍ജി പൈപ്ഡ് നാച്ചുറല്‍ ഗ്യാസ്) എത്തിക്കുക. നിലവില്‍ കൂടാളി, മുണ്ടേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട അനുമതികള്‍ ലഭിച്ചുകഴിഞ്ഞു. പൈപ്പിടുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. മൂന്ന് പഞ്ചായത്തുകള്‍ക്കു പുറമെ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലും ആദ്യ ഘട്ടത്തില്‍ത്തന്നെ പാചകവാതകം ലഭ്യമാക്കും. തലശ്ശേരി മുതല്‍ മാഹി വരെയുള്ള പ്രദേശങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ ഗാര്‍ഹിക കണക്ഷനുകള്‍ ലഭ്യമാക്കുക.

സുരക്ഷിതമായ പോളി എത്തിലീന്‍ പൈപ്പുകള്‍ ഉപയോഗിച്ചാണ് വീടുകളില്‍ ഗ്യാസ് എത്തിക്കുക. വീടുകളില്‍ കണക്ഷന്‍ എടുക്കുന്നതിനായി ഒരു നിശ്ചിത ഡെപ്പോസിറ്റ് തുക അടക്കണം. പിന്നീടുള്ള പരിപാലനം കമ്പനി പൂര്‍ണമായും ഏറ്റെടുക്കും. സബ്‌സിഡി ഇല്ലാത്ത ഗ്യാസിനെക്കാള്‍ 20 ശതമാനത്തോളം വിലക്കുറവില്‍ സിറ്റി ഗ്യാസ് വഴി പാചകവാതകം വീടുകളിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപയോഗത്തിന് അനുസരിച്ച് മാസത്തില്‍ പണം അടച്ചാല്‍ മതി. പൈപ്പ് വഴിയുള്ള പാചകവാതകം ഏത് സമയത്തും ലഭ്യമായിരിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം. എല്‍പിജിക്കെന്ന പോലെ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട കാര്യമില്ല. പാതിവഴിയില്‍ ഗ്യാസ് തീര്‍ന്നുപോവുന്ന പേടിയും വേണ്ട. ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് ഗ്യാസ് ഉപയോഗിക്കാമെന്ന സൗകര്യവും ഇതിനുണ്ട്. എല്‍പിജിയെക്കാള്‍ ഭാരം കുറവാണെന്നതിനാല്‍ പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിന് സുരക്ഷിതത്വം കൂടുതലാണ്. സിലിണ്ടര്‍ ഗ്യാസ് ചോര്‍ച്ചയുണ്ടായാല്‍ വായുവിനെക്കാള്‍ ഭാരം കൂടുതലാണെന്നതിനാല്‍ അന്തരീക്ഷത്തില്‍ കെട്ടിനില്‍ക്കുകയും അപകടത്തിന് കാരണമാവുകയും ചെയ്യും. എന്നാല്‍ വായുവിനെക്കാള്‍ ഭാരം കുറഞ്ഞ പിഎന്‍ജി ചോര്‍ച്ചയുണ്ടായാല്‍ പെട്ടെന്നു തന്നെ മുകളിലേക്ക് ഉയര്‍ന്നുപോവുന്നതിനാല്‍ അപകടസാധ്യത കുറവാണ്. കൂടുതല്‍ സുരക്ഷിതത്വവും ലാഭകരവുമാണെന്നുള്ളത് കൊണ്ട് ഉപഭോക്താക്കള്‍ താല്‍പര്യത്തോടെയാണ് പദ്ധതിയെ സമീപിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐഒഎജിപിഎല്‍) ആണ് സിറ്റി ഗ്യാസ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. പാചകവാതകത്തിനു പുറമെ, വാഹനങ്ങള്‍ക്കാവശ്യമായ വാതകം നിറയ്ക്കുന്നതിനായുള്ള മൂന്ന് സിഎന്‍ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്‌റ്റേഷനുകളുടെ പ്രവൃത്തിയും ജില്ലയില്‍ പുരോഗമിക്കുകയാണ്. സെന്‍ട്രല്‍ ജയില്‍, മട്ടന്നൂര്‍, വാരം എന്നിവിടങ്ങളിലാണ് സി എന്‍ ജി സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. കോര്‍പറേഷന്‍ പ്രദേശങ്ങളിലെ വീടുകളില്‍ ഗ്യാസ് എത്തിക്കുന്നതിനായി ചാലോട് നിന്നും മേലെ ചൊവ്വ വരെ എട്ട് ഇഞ്ച് വ്യാസത്തിലുള്ള സ്റ്റീല്‍ മെയിന്‍ ലൈന്‍ പൈപ്പ് ഇടുന്ന പ്രവൃത്തിയും ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ മര്‍ദം കൂടിയ വാതകം ഗെയിലിന്റെ എസ് വി, ഐ വി സ്‌റ്റേഷനുകളില്‍ നിന്ന് സ്റ്റീല്‍ പൈപ്പ് ലൈന്‍ വഴിയാണ് വിതരണം ചെയ്യുക.

പൈപ്പ്‌ലൈന്‍ കടന്നു പോവുന്ന ഇടത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പാചക വാതകവും പൈപ്പ്‌ലൈന്‍ വഴി ലഭ്യമാക്കും. ഡെപ്പോസിറ്റ് തുകയിലും നല്‍കുന്ന സ്‌കീമിലും വ്യത്യാസം ഉണ്ടാവും. വാണിജ്യ ഉപഭോക്താക്കള്‍ക്ക് മറ്റുള്ളവരെക്കാള്‍ ചെലവ് അല്‍പം കൂടും.

84 കിലോ മീറ്റളോളം നീളത്തില്‍ 340 കോടി രൂപ മുതല്‍മുടക്കിലാണ് ജില്ലയില്‍ ഗെയില്‍ പദ്ധതി നടപ്പാക്കിയത്. 18 പഞ്ചായത്തുകളിലൂടെയും മൂന്ന് നഗരസഭകളിലൂടെയുമാണ് ഗെയില്‍ പൈപ്പ്‌ലൈന്‍ കടന്നുപോവുന്നുണ്ട്. അഞ്ച് എസ് വി സ്‌റ്റേഷനുകളും ഒരു ഐ പി സ്‌റ്റേഷനുമാണ് ജില്ലയിലുള്ളത്.

Media wings:

spot_img

Related Articles

Latest news