ജീവിതത്തിലുടനീളം അസാധാരണവും ബഹുമുഖവുമായ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയായിരുന്നു ഡോ. അംബേദ്കറെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ 130ാം ജന്മവാര്‍ഷികം ഇന്ന്. 1891 ഏപ്രില്‍ 14ന് മധ്യപ്രദേശിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
ജീവിതത്തിലുടനീളം അസാധാരണവും ബഹുമുഖവുമായ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയായിരുന്നു ഡോ. അംബേദ്കര്‍ എന്ന് ജയന്തി ആശംസകള്‍ നേര്‍ന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദ് അനുസ്മരിച്ചു. ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ നില മെച്ചപ്പെടുത്താനും അവര്‍ക്കിടയില്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അംബേദ്കറുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ രാഷ്ട്രപതി അഭ്യര്‍ത്ഥിച്ചു.
അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയില്‍ ഇന്ന് ബുദ്ധവന്ദനം ഉള്‍പ്പെടെ വിവിധ പരിപാടികള്‍ നടക്കുമെങ്കിലും കോവിഡ് പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാവുമെന്ന് അംബേദ്കര്‍ സ്മാരക സമിതി അറിയിച്ചു. ഇന്നു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരവും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.