കോഴിക്കോട്: കോവിഡ് മുക്തനായി മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടതിനെ തുടർന്ന് അദ്ദേഹത്തിന് എന്നാണ് രോഗം ബാധിച്ചത് എന്നതിനെ ചൊല്ലി ആശയക്കുഴപ്പം. താൻ കോവിഡ് പോസിറ്റീവ് ആയി എന്ന് ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങളെ അറിയിക്കുന്നത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിക്കുകയും ചെയ്തു. നെഗറ്റിവ് ആയതിനെ തുടർന്ന് ഇന്ന് അദ്ദേഹം ആശുപത്രി വിട്ടു. പക്ഷേ, അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യിക്കുന്നതിന് വേണ്ടി കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണം അതോടെ ശക്തമായി.
പ്രോട്ടോകോൾ പ്രകാരം ഒരാൾ കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ നിന്ന് വിട്ടയക്കണമെങ്കിൽ കുറഞ്ഞത് പത്ത് ദിവസം കഴിഞ്ഞേ പരിശോധന നടത്താവൂയെന്നാണ്. എന്നാൽ, മുഖ്യമന്ത്രിയെ ഏഴാം ദിവസം തന്നെ പരിശോധന നടത്തി ആശുപത്രിയിൽനിന്ന് വിട്ടയച്ചുവെന്നാണ് ആരോപണമുയർന്നത്. ഇത് സംബന്ധിച്ച വിശദീകരണം ചോദിച്ചപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.പി. ശശി പറഞ്ഞത് പ്രോട്ടോകോൾ ലംഘനം നടന്നിട്ടില്ലയെന്നും മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചത് ഏപ്രിൽ നാലിന് ആണെന്നുമാണ്.