കൊവിഡിന്റെ രണ്ടാം വരവില്‍ പതിനായിരകണക്കിന് ആളുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കുംഭമേളയില്‍ ഒത്തു കൂടുന്നതിനെ വിമര്‍ശിക്കാത്ത മുഖ്യധാരാ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടി പാര്‍വതി. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന അര്‍ണബ് ഗോസാമിയുടെ ശബ്ദം കുംഭമേളയുടെ വീഡിയോയുടെ
പശ്ചാത്തലത്തില്‍ ഇട്ടു കൊണ്ടായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു നടി പ്രതികരിച്ചത്.
അതേ സമയം കുംഭമേളയും നിസാമുദ്ദീന്‍ സമ്മേളനവും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്. ലക്ഷങ്ങള്‍ പങ്കെടുത്ത കുംഭമേളയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്നതിനിടെയാണ് ന്യായീകരണവുമായി മുഖമന്ത്രി രംഗത്തെത്തി.
‘കുംഭമേളയും നിസാമുദ്ദീന്‍ മര്‍ക്കസും ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. മര്‍ക്കസിലെ സമ്മേളനം നടന്നത് അടച്ചിട്ട സ്ഥലത്തായിരുന്നു. എന്നാല്‍ കുംഭമേള നടക്കുന്നത് ഗംഗയുടെ കടവുകളില്‍ തുറസ്സായ സ്ഥലങ്ങളിലാണ്’ – റാവത്ത് പറഞ്ഞു. മാത്രമല്ല, കുംഭമേളയില്‍ വിദേശത്തുനിന്നുള്ളവര്‍ പങ്കെടുക്കുന്നില്ലെന്നും റാവത്ത് അവകാശപ്പെട്ടു.