സംസ്ഥാനത്ത് രണ്ടാഴ്ച കൊണ്ട് സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷയെന്നും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നും ചീഫ് സെക്രട്ടറി വി.പി.ജോയ്. സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്നും രണ്ടു ദിവസങ്ങളിലായി രണ്ടര ലക്ഷം പേര്‍ക്ക് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കളില്‍ കോവിഡ് പരിശോധന കൂട്ടുമെന്നും, ജനങ്ങള്‍ സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണമെന്നും അദ്ദേഹം അവ്വശ്യപ്പെട്ടു. പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും മാറ്റാന്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ട്യൂഷന്‍ ക്ലാസുകള്‍ കോവിഡ് മാനദണ്ഡം പാലിച്ചു മാത്രം നടത്തണം. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. പൊതുചടങ്ങുകള്‍ നടത്തുമ്പോള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം.വ്യാപര സ്ഥാപനങ്ങള്‍ ഹോം ഡെലിവറി വ്യാപിപ്പിക്കാന്‍ ശ്രമിക്കണം’. തിയറ്ററുകളും ബാറുകളും രാത്രി ഒന്‍പതു മണിക്ക് അടയ്ക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
സംസ്ഥാനത്തെ കോവിഡ് വാക്സീന്‍ സ്റ്റോക്ക് 7 ലക്ഷം ഡോസ് മാത്രമെന്നും, വാക്സീന്‍ കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ ആളുകള്‍ക്ക് ലഭ്യമാക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.