കൊച്ചി: ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കേണ്ടത് എ കെ ആന്റണിയെയും ഉമ്മൻ ചാണ്ടിയെയും ചോദ്യം ചെയ്തുകൊണ്ടാകണമെന്ന് മുൻ കോൺഗ്രസ് നേതാവ് പി സി ചാക്കോ. ഐ എസ്സ് ആർ ഓ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ എസ്സ് ആർ ഓ ചാരക്കേസിൽ നിഷ്പക്ഷമായ ഒരു അന്വേഷണം നടക്കുകയാണെങ്കിൽ അത് രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് തന്നെ ആരംഭിക്കേണ്ടതാണ്. സി ബി ഐ ആദ്യം ചോദ്യം ചെയ്യേണ്ടത് എ. കെ. ആന്റണിയെയും ഉമ്മൻ ചാണ്ടിയെയുമാണ്. കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായതും നികൃഷ്ടമായതുമായ ഒരു ഗൂഢാലോചനയുടെ ചുരുളുകളാണ് ഈ കേസിൽ അഴിയാൻ പോകുന്നത്.
കെ കരുണാകരനോട് നേരിട്ടു പട വെട്ടി വിജയിക്കാന്‍ കഴിയാത്ത ഭീരുത്വമാണ് എ ഗ്രൂപ്പിന്റെ നേതാക്കളെ അത്തരം ഒരു ഗൂഡാലോചനയിലേക്ക് നയിച്ചത്. മറ്റെന്തും സഹിക്കാം താന്‍ ഒരു ചാരക്കേസ് പ്രതിയാണെന്ന് പാർട്ടിയിലെ സഹപ്രവർത്തകർ പോലും ആരോപിക്കുന്നത് സഹിക്കാനാകുന്നില്ലെന്ന് കരുണാകരൻ പറഞ്ഞിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെയും എ. കെ. ആന്റണിയുടെയും അറിവോടെയാണ് ഇതൊക്കെ നടക്കുന്നതെന്നും കരുണാകരൻ പറഞ്ഞിട്ടുണ്ട്.