തസ്തിക സൃഷ്ടിച്ചത് പ്രത്യേക ഉത്തരവിലൂടെ
കണ്ണൂര്‍: തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിനെതിരേ ഗുരുതര ആരോപണം, ഷംസീറിന്റെ ഭാര്യയ്ക്ക് ചട്ടങ്ങള്‍ മറി കടന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കാനുള്ള നീക്കമെന്ന് റിപോര്‍ട്ട്. തസ്തിക സൃഷ്ടിച്ചത് പ്രത്യേക ഉത്തരവിലൂടെ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഭാര്യയെ ചട്ടങ്ങള്‍ മറികടന്ന് നിയമിക്കാനാണ് തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നത്.
യുജിസി എച്ച്‌ആര്‍ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്കാണ് ഇന്റര്‍വ്യൂ. ഇന്ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഇന്റര്‍വ്യൂ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കത്ത് നല്‍കി. 2020 ജൂണ്‍ മുപ്പതിനാണ് കണ്ണൂര്‍ സര്‍വകലാശാല എച്ച്‌ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്.
യുജിസി വ്യവസ്ഥ അനുസരിച്ച് എച്ച്‌ആര്‍ഡി സെന്ററിലെ തസ്തികകള്‍ താത്ക്കാലികമാണെങ്കിലും അസി. ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. ഡയറക്ടറുടെ തസ്തികയില്‍ നിയമനം നടത്താതെയാണ് അസിസ്റ്റന്റ് ഡയറക്ടറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത് എന്നതാണ് വിചിത്രമായ കാര്യം.
കുസാറ്റില്‍ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയര്‍ന്ന സ്‌കോര്‍ പോയിന്റ് ഉള്ള പരമാവധി 10 പേരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കുമ്ബോള്‍ കണ്ണൂരില്‍ ഒറ്റ തസ്തികയ്ക്ക് 30 പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കില്‍ പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. കേരളത്തിലെ ഒരു സര്‍വകലാശാലയിലെ എച്ച്‌ആര്‍ഡി സെന്ററിലും സ്ഥിരം നിയമനം നടത്താറില്ല. എന്നാല്‍, കണ്ണൂരില്‍ പ്രത്യേക ഉത്തരവിലൂടെ തസ്തിക സൃഷ്ടിച്ചത് ഷംസീറിന്റെ ഭാര്യയെ നിയമിക്കാന്‍ വേണ്ടിയാണെന്നത് വ്യക്തമാണെന്നാണ് ആരോപണം.
ഷംസീറിന്റെ ഭാര്യ ടി എം ഷഹലക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ അനധികൃത നിയമനം നല്‍കാന്‍ നീക്കമെന്നു കാണിച്ച് ജനുവരിയിലും പരാതി ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ചുള്ള പരാതിയും ഗവര്‍ണറുടെ മുന്നിലെത്തിയിരുന്നു. കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന ഇന്റര്‍വ്യൂവില്‍ അപാകത ആരോപിച്ച് അന്നും സേവ് യൂനിവേഴ്സിറ്റി ക്യാംപയിന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നത്.
യോഗ്യതയുളളവരെ മറികടന്ന് സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് നിയമനം നല്‍കാന്‍ നീക്കം എന്നായിരുന്നു അന്നത്തെ പരാതി. ഷംസീറിന്റെ ഭാര്യയുടെ റിസര്‍ച്ച് ഗൈഡായിരുന്ന അദ്ധ്യാപകനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ തിരുകിക്കയറ്റി നിയമനം നടത്താനായിരുന്നു നീക്കം നടന്നിരുന്നത്. ബന്ധു നിയമന വിവാദത്തില്‍ കെടി ജലീലിന്റെ മന്ത്രിക്കസേര തെറിച്ച സാഹചര്യത്തില്‍ ഷംസീറിനെതിരായ ആരോപണം ശക്തമായ വിവാദങ്ങള്‍ക്ക് വഴിവയ്ക്കാന്‍ ഇടയുണ്ട്.