ജിദ്ദ: സൗദി അറേബ്യയില്‍ നിന്ന് പുറത്ത് നിന്നുള്ളവര്‍ക്ക് ഉംറ ചെയ്യാന്‍ അവസരം നല്കി ഹജ്ജ് – ഉംറ മന്ത്രാലയം നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. സൗദിയിലേക്കുള്ള യാത്രയുടെ 72 മണിക്കൂര്‍ മുമ്പ് അംഗീകൃത ലാബില്‍ നിന്ന് കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം.
യാത്രക്കു മുമ്പ് ഉംറ നിര്‍വഹിക്കല്‍, മസ്ജിദുല്‍ ഹറാമിലും റൗദ ശരീഫിലും നിസ്കരിക്കല്‍, മുഹമ്മദ് നബിയുടെ ഖബറിടം സന്ദര്‍ശിക്കല്‍ എന്നിവക്കായി തവക്കല്‍നാ, ഇഅതമര്‍നാ ഇവയില്‍ ഏതെങ്കിലും ഒരു ആപ് വഴി മുന്‍ കൂട്ടി ബുക് ചെയ്യണം. സൗദി അറേബ്യയില്‍ എത്തിയ ശേഷം മക്കയില്‍ പ്രത്യേകമായി ഏര്‍പെടുത്തിയിരിക്കുന്ന ഹോട്ടല്‍ മുറികളില്‍ മൂന്നു ദിവസം ക്വാറന്റൈനില്‍ കഴിയണം.
എല്ലാ തീര്‍ഥാടകരും ഉംറ ചെയ്യുന്നതിന് ആറുമണിക്കൂര്‍ മുമ്പ് മക്കയിലെ ഇനായ (കെയര്‍) സെന്ററില്‍ എത്തണം. കോവിഡ് വാക്സിന് സ്വീകരിച്ചതായി ഇവിടെ സാക്ഷ്യപ്പെടേത്തേണ്ടതാണ്. അതിന് ശേഷം തീര്‍ഥാടകര്‍ക്ക് വിവരങ്ങളടങ്ങിയ ഒരു വള നല്‍കും. അത് ധരിക്കണം. തുടര്‍ന്ന് അല്‍ ശുബൈക ഒത്തുചേരല്‍ കേന്ദ്രത്തിലേക്ക് പോയി ഈ വള കാണിക്കണം. അവിടെ രേഖകള്‍ പരിശോധിക്കും. അനുവദിക്കുന്ന സമയത്തിനനുസരിച്ച് ഉംറയ്ക്കായി മസ്ജിദുല്‍ ഹറമിലേക്ക് പോവാം.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഉംറ നിര്‍വഹിക്കേണ്ടതിനാല്‍ റമദാനില്‍ ഒരു ദിവസം 50,000 പേര്‍ക്ക് തീര്‍ഥാടനം ചെയ്യാന്‍ പാകത്തിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അതത് രാജ്യങ്ങളിലെ സര്കാരിന്റെയും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള കോവിഡ് വാക്സിന് സെര്‍ട്ടിഫികറ്റുകള്‍ തീര്‍ഥാടകരുടെ കൈവശമുണ്ടെന്ന് ഉംറ സെര്‍വീസ് കമ്പനികള്‍ ഉറപ്പുവരുത്തണം.
18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഉംറയ്ക്ക് അവസരമുള്ളത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉംറ നടപടികള്‍ നിര്‍ത്തിവെച്ച ശേഷം ഇത് ആദ്യമായാണ് വിദേശികള്‍ക്ക് ഉംറയ്ക്ക് അനുമതി നല്‍കിയത്.