ചെന്നൈ: തമിഴ് ചലച്ചിത്രതാരവും സാമൂഹ്യപ്രവർത്തകനുമായ വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ 4.35ഓടെയായിരുന്നു അന്ത്യം.
വെള്ളിയാഴ്ച രാവിലെ പത്തര മണിയോടെ ചെന്നൈ സാലിഗ്രാമിലെ വസതിയിൽ കുടുംബാംഗങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കെ നെഞ്ചു വേദനയും ശ്വാസ തടസ്സവും അനുഭവപ്പെടുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന വിവേകിനെ ഭാര്യയും മകളും വടപളനിയിലെ സിംസ് ആശുപത്രിയിലെത്തിച്ചു.
ഹൃദയത്തിലെ ഇടത് രക്തക്കുഴലിലുണ്ടായിരുന്ന തടസ്സം ആൻജിയോപ്ലാസ്റ്റി വഴി നീക്കിയതായി ഡോക്ടർമാർ അറിയിച്ചിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആരോഗ്യനില അതി ഗുരുതരമാണെന്നും അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
അതിനിടെ വിവേകിനുണ്ടായ ഹൃദയാഘാതത്തിന് കോവിഡ് വാക്സിൻ കുത്തിവെപ്പുമായി ബന്ധമില്ലെന്നും പരിശോധനയിൽ നെഗറ്റിവാണ് ഫലമെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണൻ അറിയിച്ചിരുന്നു.
വിവേക് വ്യാഴാഴ്ച ഓമന്തൂരിലെ ഗവ. ആശുപത്രിയിൽ കോവിഡ് വാക്സിൻ ആദ്യ ഡോസ് കുത്തിവെപ്പെടുത്തിരുന്നു. പരിസ്ഥിതി, വൃക്ഷത്തൈ നട്ടുവളർത്തൽ, എയ്ഡ്സ്, കോവിഡ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു വിവേക്.