തമിഴ് ചലച്ചിത്ര നടൻ വിവേകിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ദു:ഖത്തിലാഴ്ത്തി. ശനിയാഴ്ച പുലർച്ചെ ചെന്നൈ വടപളനി സിംസ് ആശുപത്രിയിലായിരുന്നു തമിഴകത്തിന്റെ പ്രിയ ഹാസ്യതാരത്തിന്റെ അന്ത്യം. 59 വയസ്സായിരുന്നു.
മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നാലു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. റൺ, സാമി, പേരഴഗൻ, ശിവാജി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു അവാർഡ്. കലാലോകത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ച് രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം(2009) സമ്മാനിച്ചിട്ടുണ്ട്. 2015 ൽ സത്യഭാമ യൂണിവേഴ്സിറ്റി ഹോണറേറി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
1961 നവംബർ 19 ന് കോവിൽപെട്ടിയിലാണ് ജനനം. പിതാവ് അംഗയ്യ, മാതാവ് മണിയമ്മാൾ, ഭാര്യ അരുൾസെൽവി. മക്കൾ തേജസ്വിനി, അമൃത നന്ദിനി.
ഇന്നലെ ഹൃദയാഘാതത്തെത്തുടർന്ന് ആൻജിയോപ്ലാസ്റ്റി, സ്റ്റെന്റിംഗ് നടപടിക്രമങ്ങൾ നടത്തിയിരുന്നു. പുലർച്ചെ 4.35നായിരുന്നു മരണമെന്ന് ആശുപത്രിയിൽ നിന്നുള്ള ഒരു മെഡിക്കൽ ബുള്ളറ്റിൻ പറഞ്ഞു. കടുത്ത കൊറോണറി സിൻഡ്രോം മൂലമാണ് പെട്ടെന്നുള്ള ഹൃദയാഘാതം ഉണ്ടായതെന്ന് ആശുപത്രി വൈസ് പ്രസിഡന്റ് ഡോ. രാജു ശിവസാമി പറഞ്ഞു.
വ്യാഴാഴ്ച അദ്ദേഹം എടുത്ത കോവിഡ് -19 വാക്സിനുമായി ഇതിന് ബന്ധമില്ലെന്നും അവർ പറഞ്ഞു. ടെസ്റ്റ്, സിടി റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന് കോവിഡ് -19 ഇല്ലായിരുന്നു. നേരത്തെ പൊതുജനാരോഗ്യ സന്ദേശങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി വ്യാഴാഴ്ച നടനെ പ്രഖ്യാപിച്ചിരുന്നു. ചെന്നൈയിലെ തമിഴ്നാട് സർക്കാർ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കോവാക്സിൻ എടുത്ത അദ്ദേഹം വാക്സിൻ എടുക്കാൻ മുന്നോട്ട് വരാൻ മറ്റു പലരോടും അഭ്യർത്ഥിച്ചു.
ചെന്നൈയിലെ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്നതിനിടയിൽ വിവേക് തന്റെ ഒഴിവു സമയങ്ങളിൽ മദ്രാസ് ഹ്യൂമർ ക്ലബിൽ സ്റ്റാൻഡ്-അപ്പ് കോമഡി അവതരിപ്പിച്ചായിരുന്നു കലാരംഗത്തേക്ക് കടന്നു വന്നത്. ഹ്യൂമർ ക്ലബ് സ്ഥാപകനായ പി. ആർ. ഗോവിന്ദരാജൻ അദ്ദേഹത്തെ ചലച്ചിത്ര സംവിധായകൻ കെ. ബാലചന്ദറിനെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ സിനിമകൾക്ക് തിരക്കഥ എഴുതാൻ സഹായിച്ചു കൊണ്ടാണ് സിനിമാരംഗത്തേക്കുള്ള പ്രവേശനം. 1987 ൽ ‘മനതിൽ ഉറുതി വെണ്ടും’ ചിത്രത്തിന്റെ തിരക്കഥയിൽ സഹായിക്കുന്നതിനിടയിൽ ബാലചന്ദർ വിവേകിന് സുഹാസിനിയുടെ സഹോദരന്റെ അഭിനയ വേഷം വാഗ്ദാനം ചെയ്തു.
സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരംഭിച്ച അദ്ദേഹം പുതു പുതു അർത്ഥങ്ങൾ (1989), ഒരു വീടു വാസൽ (1990) എന്നീ ചിത്രങ്ങളിൽ ബാലചന്ദറുമായി വീണ്ടും സഹകരിച്ചു. കെ.എസ്. രവികുമാറിന്റെ പുത്തൻ പുതു പയനം (1991), വിക്രമന്റെ നാൻ പേസ നിനൈപ്പതെല്ലാം (1993). രജനീകാന്തിന്റെ ഉഴൈപ്പാളി, വീര എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നായക പ്രാധാന്യമുള്ള ഹാസ്യനടനായി സ്വയം സ്ഥാപിക്കാൻ വിവേകിന് 1996 വരെ കാത്തിരിക്കേണ്ടിവന്നു. അതിനു ശേഷം വിവിധ സംവിധായകരുടെതയും നായകരുടെതയും ചിത്രങ്ങളിൽ ഒഴിച്ച് മാറ്റാനാവാത്ത സാന്നിധ്യമായി അദ്ദേഹം മാറി.
കുഷി, മിന്നലേ, റൺ, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങളാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്. താളവും പ്രാസവുമൊപ്പിച്ചുള്ള സംഭാഷണശൈലിയും പ്രസരിപ്പുള്ള ഭാവപ്രകടനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ അഴിമതി, തൊഴിലില്ലായ്മ, കള്ളപ്പണം, ജനപ്പെരുപ്പം, കപടരാഷ്ട്രീയം തുടങ്ങി സമൂഹജീവിതത്തിലെ ദുഷ്പ്രവണതകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിനുള്ള പ്രാവിണ്യം ശ്രദ്ധേയമാണ്.
കാതൽ മന്നൻ, ഉന്നൈ തേടി, വാലി ,കൃഷ്ണഹിരി തോണ്ട്രിനാൽ, പൂമഗൽ ഓർവാലം, കുഷി, പ്രിയമാനവളെ, മിന്നലെ, മണിരത്നത്തിന്റെ അലൈപായുതേ, മുഗവാരി, ദും ദും ദും, അന്നിയൻ, പാർത്തിബൻ കനവ്, വിക്രമിന്റെ ധൂൾ, പ്രിയദർശന്റെ ലെസ ലെസ തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായിരുന്നു. തുടർച്ചയായ ഫിലിംഫെയർ മികച്ച ഹാസ്യനടൻ അവാർഡുകളും മികച്ച ഹാസ്യനടന്മാർക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡും നേടി.
ജാനകി വിശ്വനാഥന്റെ കുട്ടി (2001), തങ്കർ ബച്ചന്റെ അഴഗി (2002) പോലെയുള്ള കലാമൂല്യമുള്ള ചിത്രങ്ങളിൽ വളരെ കുറഞ്ഞ പ്രതിഫലം വാങ്ങി അഭിനയിച്ച വിവേക് തന്റെ കലയോടുള്ള പ്രതിപത്തത പല സന്ദർഭങ്ങളിലും തെളിയിച്ചിട്ടുണ്ട്.