ആരാധനാലയങ്ങളില്‍ കോവിഡ് 
മാനദണ്ഡം പാലിക്കണം: മതനേതാക്കള്‍

കണ്ണൂര്‍: കോവിഡ് വ്യാപനം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളിലും അവയോടനുബന്ധിച്ച്‌ നടക്കുന്ന പരിപാടികളിലും പെരുമാറ്റച്ചട്ടം പൂര്‍ണമായി പാലിക്കാന്‍ എഡിഎം ഇ പി മേഴ്സിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന മത സംഘടനാ പ്രതിനിധികളുടെ യോഗം ആഹ്വാനം ചെയ്തു.

നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ആരാധനാലയങ്ങളുടെ വലിപ്പത്തിനനുസരിച്ച്‌ ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥന ഒന്നിലധികം തവണ നടത്തുന്നതും കൂടുതല്‍ ഫലപ്രദമാവുമെന്നും ഇക്കാര്യം പരിഗണിക്കണമെന്നും യോഗത്തില്‍ സംസാരിച്ച പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത, ഡോ. ഉസ്മാന്‍ കുട്ടി, ഡോ. സുല്‍ഫിക്കര്‍ അലി (കെഎന്‍എം), എ കെ അബ്ദുള്‍ ബാഖി (എസ്‌എംഎഫ്), കെ മുഹമ്മദ് ഷരീഫ് ബാഖവി (സമസ്ത), അബ്ദുള്‍ ലത്തീഫ് സഅദി, കെ വി സലീം, ഹാമിദ് (മുസ്ലിം ജമാഅത്ത്), സ്വാമി ആത്മചൈതന്യ (അഴീക്കോട് ശാന്തിമഠം), ഫാദര്‍ തോമസ് തെങ്ങുംപള്ളില്‍ (തലശേരി അതിരൂപത), ഫാദര്‍ തങ്കച്ചന്‍ ജോര്‍ജ് (ഹോളി ട്രിനിറ്റി കത്തീഡ്രല്‍), മുഹമ്മദ് സാജിദ് (ജമാഅത്തെ ഇസ്ലാമി), നിസാര്‍ അതിരകം (എസ് വൈ എസ്), ഷഹീര്‍ പാപ്പിനിശേരി (എസ്കെഎസ്‌എസ്‌എഫ്), കനകരാജ് (ശാന്തി മഠം), മഹേഷ് ചന്ദ്ര ബാലിഗ (ചിന്‍മയ മിഷന്‍), സഹല്‍ വാഫി, മുഹമ്മദ് ഷമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാസ്ക് ധാരണം, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കണം. ഇതിന്റെ ഭാഗമായി പള്ളികളിലെയും മറ്റും ഇഫ്താര്‍ വിരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കി. പ്രാര്‍ഥനകള്‍, ഉത്സവങ്ങള്‍ തുടങ്ങിയ ചടങ്ങുകളില്‍ കെട്ടിടങ്ങള്‍ക്കകത്ത് പരമാവധി 75 പേരും പുറത്ത് 150 പേരുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇവിടെയും പെരുമാറ്റച്ചട്ടം പാലിക്കണം. 45 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരും വാക്സിന്‍ എടുക്കണം. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

spot_img

Related Articles

Latest news