തൃശൂര്‍ : ദക്ഷിണേന്ത്യയിലെ ആദ്യ ക്ഷേത്ര മ്യൂസിയം കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ ഉയരും. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.23 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്ര മ്യൂസിയം യാഥാര്‍ഥ്യമാവുക. ക്ഷേത്ര കലകളും ആചാരാനുഷ്ഠാനുങ്ങളും ഉള്‍ക്കൊള്ളിച്ചാണ് മ്യൂസിയം നിര്‍മിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതിയില്‍ ദേവാലയങ്ങളുടെ പുനരുദ്ധാരണത്തിനൊപ്പം ചരിത്ര സ്മാരകങ്ങളുടെ പുനര്‍ നിര്‍മിതിയുമുണ്ട്.
ക്ഷേത്രത്തിലെ കച്ചേരിപ്പുരയുടെ തനിമ നിലനിര്‍ത്തി കേരളീയ വാസ്തു ശില്‍പ്പ കലാ മാതൃകയിലാണ് മ്യൂസിയം നിര്‍മാണം. ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളുടെ ചരിത്രവും ആചാരവും ആരാധനാ സമ്പ്രദായങ്ങളും ഐതിഹ്യങ്ങളും ചിത്രങ്ങളുമെല്ലാം ഡിജിറ്റല്‍ സംവിധാനത്തോടെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ക്ഷേത്ര കലകളെക്കുറിച്ചറിയാന്‍ പ്രത്യേക സംവിധാനവും ഉണ്ടാകും. കൊടുങ്ങല്ലൂര്‍ ക്ഷേത്ര ചരിത്രം, ഭരണി ഉത്സവം, താലപ്പൊലി, ഓഡിയോ വിഷ്വല്‍ റൂം, കഥ പറയുന്ന ഗ്യാലറി തുടങ്ങി പുരാതന ക്ഷേത്രങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങളും മ്യൂസിയത്തിലുണ്ടാകും. മ്യൂസിയത്തില്‍ സൂക്ഷിക്കാനുള്ള രേഖകളുടെ ഡാറ്റാ ശേഖരണവും വീഡിയോ ചിത്രീകരണവുമെല്ലാം പുരോഗമിക്കുകയാണ്. മ്യൂസിയം നിര്‍മാണം ഉടന്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍കല്‍ കമ്പനിക്കാണ് നിര്‍മാണച്ചുമതലയെന്ന് മുസിരിസ് എം ഡി പി എം നൗഷാദ് പറഞ്ഞു.
ക്ഷേത്രം പൗരാണിക ഊട്ടുപുര, ഭണ്ഡാരപ്പുര എന്നിവ നവീകരിച്ച് ക്ഷേത്രത്തെ ഏല്‍പ്പിക്കും. ഇതില്‍ ഭണ്ഡാരപ്പുര നിര്‍മാണം പൂര്‍ത്തിയായി. കച്ചേരിപ്പുര വിട്ടു നല്‍കുന്നതിന് പകരം ക്ഷേത്രത്തില്‍ 1.88 കോടി ചെലവില്‍ അക്കമഡേഷന്‍ ബ്ലോക്കും ഉയരും. മീറ്റിങ് ഹാളുകള്‍, താമസ സൗകര്യം, ഭണ്ഡാരം എണ്ണുന്നതിനുള്ള മുറി, സ്റ്റോര്‍ മുറി, സ്ട്രോങ് റൂം എന്നിവയെല്ലാം പുതുതായി നിര്‍മിക്കും. മുസിരിസ് പൈതൃക പദ്ധതിയില്‍ ചേരമാന്‍ പള്ളി, ചേന്ദമംഗലം ഹോളി ക്രോസ് ചര്‍ച്ച് എന്നിവയുടെ പുനരുദ്ധാരണവും അവസാന ഘട്ടത്തിലാണ്. കനാല്‍ ഹൗസ്, പതിനെട്ടരയാളം കോവിലകം പണി നടന്നു വരികയാണ്. മുനയ്ക്കല്‍ ബീച്ച് സൗന്ദര്യ വല്‍ക്കരണം , ബൈപ്പാസ് സൗന്ദര്യ വല്‍ക്കരണം, ഗോ തുരുത്ത് ചവിട്ട് നാടക മ്യൂസിയം എന്നി വിവിധ പദ്ധതികളാണ് പൂര്‍ത്തീകരിക്കുന്നത്.