അന്താരാഷ്ട്ര യാത്രാ നിരോധനം അവസാനിക്കുന്ന മെയ് പതിനേഴ് മുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ സൗദി എയര്‍ലൈന്‍സ് തയ്യാറാണെന്ന് സൗദി എയര്‍ലൈന്‍സ് കമ്മ്യൂണിക്കേഷന്‍സ് അസിസ്റ്റന്‍സ് ഡയറക്ടര്‍ ഖാലിദ് ബിന്‍ അബ്ദുല്‍ഖാദിര്‍. സൗദി എയര്‍ലൈന്‍സ് ട്വിറ്ററില്‍ കുറിച്ച ട്വീറ്റുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സൗദിയ ഇന്നലെ പങ്കു വെച്ച ‘നിങ്ങളുടെ ലഗ്ഗേജ് തയ്യാറായോ’ എന്ന ഒറ്റവരി ട്വീറ്റ് വൈറല്‍ ആയിരുന്നു. അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തങ്ങള്‍ ഒരുക്കമാണെന്ന് സൗദി വ്യക്തമാക്കുകയാണെന്നായിരുന്നു ട്വീറ്റ് കൊണ്ട് ഉദേശിച്ചത്.
സൗദിയിലെ അന്താരാഷ്ട്ര വിമാന സര്‍വ്വീസ് വിലക്ക് നിലവില്‍ നീട്ടിയിട്ടില്ലെന്നും നേരത്തെ പ്രഖ്യാപിച്ചത് പോലെ ശവ്വാല്‍ അഞ്ചിന് തന്നെയായിരിക്കുമെന്നും സൗദി കൊവിഡ് പ്രതിരോധ സമിതി സിക്രട്ടറി ഡോ: തലാല്‍ അല്‍ തുവൈജിരി പറഞ്ഞു. വിവിധ ഘടകങ്ങള്‍ ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനം കൈകൊള്ളുകയെന്നും അല്‍ തുവൈജിരി വ്യക്തമാക്കി. മെയ് 17 ന് മുമ്പായി തന്നെ എല്ലാ വിശദാംശങ്ങളും പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ തുടര്‍ച്ചയായി വൈറസ് പടരുന്നതിന്റെ വെളിച്ചത്തില്‍ അടിയന്തിര ആവശ്യമല്ലാതെ യാത്ര ചെയ്യരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാണോ എന്ന കാര്യം പഠന വിധേയമാണെന്നും തീരുമാനം ഉടൻ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം സൗദിയുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും മറ്റ് രാജ്യങ്ങള്‍ക്കും ആവശ്യകതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.