കണ്ണൂര്‍: കോവിഡ് വ്യാപനവും നിയന്ത്രണങ്ങളുമെല്ലാം കടലാസിലല്ലെന്ന് അധികാരികളും വിദഗ്ധരും നിരന്തരം പറയുമ്പോഴും പൊതുവിടങ്ങളില്‍ കൂട്ടം കൂടുന്നതും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതും തുടരുന്നു. കണ്ണൂര്‍ ടൗണിലും പയ്യാമ്പലം ബീച്ച് അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുടുംബവുമായെത്തിയവര്‍ ഏറെയാണ്. ശക്തമായ നിയന്ത്രണങ്ങളുമായി പൊലീസും ജില്ല ഭരണകൂടവും നീങ്ങുമ്പോഴാണ് ഈ ലംഘനം.
കൃത്യമായി മാസ്ക് അണിയാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. ഒഴിവുദിനമായ ഞായറാഴ്ച നിരവധിപേരാണ് പയ്യാമ്പലം ബീച്ചിലെത്തിയത്. മിക്കവരും കുടുംബവുമായാണ് എത്തിയത്. കുഞ്ഞുങ്ങളെയടക്കം കൊണ്ടുവന്നവരും നിരവധിയാണ്. സാധാരണ ഒഴിവുദിവസങ്ങളില്‍ 5,000 മുതല്‍ 10,000 വരെ സന്ദര്‍ശകരാണ് പയ്യാമ്പലത്ത് എത്താറുള്ളത്.
ജില്ലയില്‍ ആയിരത്തിലേറെ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും ആയിരത്തോളം പേരാണ് ഞായറാഴ്ച ബീച്ചിലെത്തിയത്. വൈകീട്ട് ആറുവരെയാണ് സന്ദര്‍ശന സമയമനുവദിച്ചത്. ആറിന് ശേഷവും ബീച്ചില്‍നിന്ന് മടങ്ങാത്ത സഞ്ചാരികളെ കോസ്റ്റല്‍, പിങ്ക് പൊലീസ് ഉദ്യോഗസ്ഥരും ലൈഫ് ഗാര്‍ഡുമാരും േചര്‍ന്ന് തിരിച്ചയക്കുകയായിരുന്നു.
വൈകീട്ട് ഇരുന്നൂറിലധികം പേര് ബീച്ചിലുണ്ടായിരുന്നു. കുട്ടികളുമായും കുടുംബവുമായും എത്തിയവരെ പൊലീസ് ബോധവത്കരിച്ചു. മാസ്ക് അണിയാതെയും കൂട്ടം കൂടിയും നിന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. രണ്ടു ദിവസമായി യൂനിഫോമിലും അല്ലാതെയും പൊലീസിെന്റ സാന്നിധ്യം ബീച്ചിലുണ്ട്. സഞ്ചാരികളുടെ വരവ് കുറയുന്നതോടെ ബീച്ചിലെ ചെറുകടകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കില്ല.
മുഴപ്പിലങ്ങാട് ബീച്ചിലും സഞ്ചാരികളുടെ എണ്ണം കുറവായിരുന്നെങ്കിലും കൂട്ടമായെത്തിയവരെ അധികൃതര്‍ ബോധവത്കരിച്ചു. ബസുകളില്‍ നിന്നു യാത്ര നിരോധിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെട്ടില്ല. പൊതുവെ ബസ് സര്‍വിസ് കുറവായ ഞായറാഴ്ച പല ബസുകളിലും തിരക്കനുഭവപ്പെട്ടു. പലരുടെയും മാസ്കുകള്‍ ശരിയായ രീതിയിലായിരുന്നില്ല. വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് പൊലീസിെന്റ തീരുമാനം.
ഞായറാഴ്ച ജില്ലയില്‍ 1451 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം 1,000 കടന്നത്. കോവിഡ് പരിശോധന ക്യാമ്പുകളില്‍ കൂട്ടമായി പോസിറ്റിവ് ഫലം ലഭിക്കുന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്.
കണ്ണൂരടക്കമുള്ള ഏഴ് ജില്ലകളില്‍ ആയിരത്തിന് മുകളിലാണ് ഞായറാഴ്ച കോവിഡ് കേസുകള്‍. കണ്ണൂരില്‍ ഉയര്‍ന്ന കണക്കാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 1132 പേര്‍ക്കാണ് ശനിയാഴ്ച രോഗബാധയുണ്ടായത്.
സമ്പര്‍ക്കത്തിലൂടെ 1338 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ 88 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 10 പേര്‍ക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റിവ് കേസുകള്‍ 69,044 ആയി. കണ്ണൂര്‍ കോര്പറേഷന് പരിധിയില്‍ 138 പേര്‍ക്കാണ് രോഗം ബാധിച്ചത്. പയ്യന്നൂര്‍, മട്ടന്നൂര്‍, തലശ്ശേരി നഗരസഭകളിലും എരമം കുറ്റൂര്‍, കടമ്പൂര്, കുഞ്ഞിമംഗലം, കുന്നോത്തുപറമ്പ്, കതിരൂര്‍, മാട്ടൂല്‍ പഞ്ചായത്തുകളിലും രോഗബാധ ഉയര്‍ന്ന നിലയിലാണ്.
കോവിഡ് വ്യാപനം രൂക്ഷമായതോടെ പൊലീസും ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും നടപടിയെടുക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിനോദ സഞ്ചാരകേന്ദ്രങ്ങളിലടക്കം കൂട്ടംകൂടിയവരെ പൊലീസെത്തി തിരിച്ചയച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ജില്ല കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകുമെന്നാണ് കരുതുന്നത്.
ഞായറാഴ്ച 717 പേര് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 60,188 ആയി. 364 പേര് കോവിഡ് മൂലം മരിച്ചു. ബാക്കി 6681 പേര് ചികിത്സയിലാണ്. നിലവിലുള്ള കോവിഡ് ബാധിതരില്‍ 6447 പേര് വീടുകളിലും ബാക്കി 234 പേര് വിവിധ ആശുപത്രികളിലും സി.എഫ്.എല്‍ടി.സികളിലുമായാണ് കഴിയുന്നത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20,610 പേരാണ്. ഇതില്‍ 20,025 പേര് വീടുകളിലും 585 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 7,78,686 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 7,78,247 എണ്ണത്തിന്റെ ഫലം വന്നു. 439 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.