കൊവിഡിനെ തുടര്‍ന്നുള്ള മരണനിരക്ക് പല സംസ്ഥാനങ്ങളും മറച്ചുവെക്കുന്നതായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് സര്‍ക്കാരില്ല, പകരം പിആര്‍ കമ്പനി മാത്രമാണുള്ളതെന്നും യെച്ചൂരി വിമര്‍ശിച്ചു. പ്രധാനമന്ത്രി വെറും തെരഞ്ഞെടുപ്പ് പ്രചാരകന് മാത്രമെന്നും തെരഞ്ഞെടുപ്പ് അല്ലാത്ത അവസരങ്ങളില്‍ ടെലിവിഷനില്‍ മുഖം കാണിച്ച് തലക്കെട്ടിലിടം പിടിക്കാനാണ് മോദിക്ക് താല്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ കൊവിഡ് വ്യാപനത്തില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ച് നേരത്തെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും രംഗത്ത് വന്നിരുന്നു, കൊവിഡ് മരണ നിരക്കില്‍ പല സംസ്ഥാനങ്ങളും യഥാര്‍ത്ഥ കണക്ക് മറച്ച് വയ്ക്കുന്നതായാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. ഗുജറാത്തിലെയും ഉത്തര്‍ പ്രദേശിലെയും കണക്കുകളില്‍ വലിയ അന്തരമുണ്ട്.
സര്‍ക്കാരിന്റെ കണക്ക് ശ്മശാനങ്ങളിലെ ശവസംസ്കാര നിരക്കിനേക്കാള്‍ വളരെ പിന്നിലാണെന്നും കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങള്‍ കുറ്റപ്പെടുത്തി. ഐ സി എം ആര് നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ കണക്ക് രേഖപ്പെടുത്തുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി പ്രതികരിച്ചു.