റിയാദ്: മെയ് 17 മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഉണ്ടാകുകയില്ലെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് എടുത്തുകളയുമെങ്കിലും പ്രത്യേക കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയ ഇന്ത്യ അടക്കമുള്ള 20 രാജ്യങ്ങളിലേക്ക് സര്‍വീസുകളുണ്ടാകില്ലെന്നാണ് അറിയിപ്പ്.
ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്ന അറിയിപ്പാണിത്. മെയ് 17 മുതല്‍ എടുത്തുകളയുമോയെന്നും വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കുമോയെന്നുമുള്ള അന്വേഷണത്തിന് മറുപടിയായാണ് സൗദിയ ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് മെയ് 17 ന് പുലര്‍ച്ചെ ഒരു മണി മുതല്‍ എടുത്തുകളയുന്നത് കൊറോണ വ്യാപനം മൂലം യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് ബാധകമല്ലെന്ന് സൗദിയ പറഞ്ഞു.
അര്‍ജന്റീന, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, ജര്‍മ്മനി, അമേരിക്ക, ഇന്‍ഡോനീഷ്യ, അയര്‍ലണ്ട്, ഇറ്റലി, പാക്കിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യുകെ, തുര്‍ക്കി, സൗത്ത് ആഫ്രിക്ക, കിങ്ഡം ഓഫ് സ്വീഡന്‍, സ്വിസ്സ് കോണ്‍ഫെഡറേഷന്‍, ഫ്രാന്‍സ്, ലേബനോന്‍, ഇജിപ്ത്, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ആഭ്യന്തര മന്ത്രാലയം നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.
ഇന്ത്യയിലേക്കുള്ള വിലക്ക് സംബന്ധമായി കൂടുതല്‍ വ്യക്തത വരുത്തിയും സൗദിയ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വ്വീസ് മെയ് പതിനേഴിന് പുനഃരാരംഭിക്കുമെന്നും ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കുമുള്ള സര്‍വീസുകള്‍ക്ക് വിലക്ക് ഉണ്ടെന്നുമാണ് അറിയിച്ചിരുന്നത്.
വിലക്ക് പിന്‍വലിക്കുമ്പോള്‍ തങ്ങളുടെ ഔദ്യോഗിക ചാനലിലൂടെ ഇക്കാര്യം വ്യക്തമാക്കുമെന്നും സൗദിയ പ്രതികരണത്തില്‍ പറയുന്നുണ്ട്. പുതിയ റിപ്പോര്‍ട്ടുകളോടെ പ്രവാസികളുടെ കാത്തിരിപ്പ് വെറുതെയായിരിക്കുകയാണ്.
‘നിങ്ങളുടെ ലഗ്ഗേജ് തയ്യാറായോ’? സൗദി എയർലൈൻസ് പറക്കാൻ തയ്യാർ