ആലപ്പുഴ: പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍, ചട്ടനെ ദൈവം ചതിക്കുമെന്ന് ഫേസ്ബുക്കില്‍ കുറിച്ച് യു. പ്രതിഭ എം.എല്‍.എ. ആലപ്പുഴയിലെ സി.പി.എമ്മില്‍ വിഭാഗീയത പുകയുന്നതിനിടയില്‍ പ്രതിഭ ഫേസ്ബുക്കില്‍ ഇട്ട ഈ പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു.
ഒരു വിശദീകരണവും നല്‍കാതെ പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍, ചട്ടനെ ദൈവം ചതിക്കുമെന്ന് മാത്രമാണ് കായംകുളം എം.എല്‍.എ കുറിച്ചത്. പോസ്റ്റിനെതിരെ സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധ കമന്റുകള്‍ വന്നതോടെയാണ് പിന്‍വലിക്കപ്പെട്ടത്. ഇതിനിടെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് എം.എല്‍.എയുടെ പോസ്റ്റു വന്നു . എന്നാല്‍ പിന്നീട് അതും അപ്രത്യക്ഷമായി.
മന്ത്രി ജി. സുധാകരനെ പിന്തുണക്കുന്നവരുടെ കൂടെയാണ് പ്രതിഭ എന്നുള്ളത് കൊണ്ട് തെരഞ്ഞെടുപ്പില്‍ പ്രതിഭയ്ക്ക് എതിരേ സുധാകര വിരുദ്ധ പക്ഷം പ്രവര്‍ത്തിച്ചു എന്ന രീതിയില്‍ മണ്ഡലത്തിനുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമാണ് ആരിഫ് പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെതിരെ നടത്തിയ തരംതാഴ്ന്ന പ്രസ്താവന. പ്രസ്താവന യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പാര്‍ട്ടിയുടെ താഴെതട്ടിലുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വിലയിരുത്തല്‍.
നേരത്തെ എതിര് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ അരിത ബാബുവിനെ മാത്രമാണ് മാധ്യമ പരിഗണന കിട്ടുന്നത് എന്ന രീതിയില്‍ ആരോപണവുമായി പ്രതിഭ രംഗത്ത് വന്നിരുന്നു.