അമേരിക്കന്‍ മനുഷ്യാവകാശ റിപ്പോർട്ടിൽ ഇന്ത്യയ്ക്ക് നിശിത വിമർശനം

ഇന്ത്യയില്‍ മതവിവേചനം ശക്​തം; ന്യൂനപക്ഷങ്ങള്‍ അപകടാവസ്​ഥയില്‍

2020ല്‍ മതസ്വാതന്ത്ര്യത്തെ ഏറ്റവും മോശമായി ലംഘിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യയെ അടയാളപ്പെടുത്തി അമേരിക്കന്‍ മനുഷ്യാവകാശ കമ്മീഷന്‍. യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു‌.എസ്‌.സി.‌ആര്‍.‌എഫ്) ആണ്​ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രാജ്യത്തിനെതിരേ നിശിത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്​. 2019ലെ റിപ്പോര്‍ട്ടിലും ഇന്ത്യയുടെ സ്​ഥാനം ഏറെ മോശമായിരുന്നു.

മതസ്വാതന്ത്ര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലായതിന്​ നിരവധി കാരണങ്ങളാണ്​ റിപ്പോര്‍ട്ട്​ അക്കമിട്ട്​ നിരത്തുന്നത്​. ഏറെക്കാലമായി ഇന്ത്യയുടെ മതസ്വാതന്ത്ര്യ വ്യവസ്ഥകള്‍ നെഗറ്റീവ് പാതയിലൂടെ തുടരുകയാണെന്ന് റിപ്പോര്‍ട്ട്​ പറയുന്നു. ‘മതവിവേചനപരമായ പൗരത്വ ഭേദഗതി നിയമം (സി‌.എ‌.എ) റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്​.

‘സി‌എ‌എയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുണ്ടാവുകയും മുസ്‌ലിംകളെ ലക്ഷ്യം വച്ചുള്ള നിരവധി അക്രമങ്ങള്‍ക്ക് കാരണമാവുകയും ചെയ്​തു. സി.എ.എ പ്രക്ഷോഭത്തിനിടെ നടന്ന ഡല്‍ഹി കലാപത്തില്‍ 50 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്​തു​. ഏറെക്കാലത്തിനിടെ നടന്ന ഏറ്റവും വലിയ ഹിന്ദു-മുസ്ലീം ആള്‍ക്കൂട്ട അക്രമമാണിത്​.

ഹിന്ദു ദേശീയതയോട് അനുഭാവം പുലര്‍ത്തുന്ന ജനക്കൂട്ടം പള്ളികള്‍ ആക്രമിക്കാനും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കാനും മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനും പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചില കുടുംബങ്ങള്‍ തലമുറകളായി രാജ്യത്ത്​ താമസിച്ചിട്ടും നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍‌ആര്‍‌സി) ല്‍നിന്ന്​ ഒഴിവായി.

1.9 ദശലക്ഷം താമസക്കാരെ എന്ത്​ മാനദണ്ഡത്തിന്‍റെ അടിസ്​ഥാനത്തിലാണ്​ ഒഴിവാക്കിയതെന്നും കമ്മീഷണര്‍മാര്‍ ചോദിച്ചു. ഒഴിവാക്കലിന്‍റെ അനന്തരഫലമായി അസമില്‍ തടങ്കല്‍ ക്യാമ്പുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്​. മറ്റ് സംസ്ഥാനങ്ങളിലേക്കോ രാജ്യവ്യാപകമായോ വ്യാപിപ്പിച്ചാല്‍ ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ആശങ്കകളും റിപ്പോര്‍ട്ട്​ പങ്കുവക്കുന്നുണ്ട്​.

‘ഉത്തര്‍പ്രദേശ് നിയമ വിരുദ്ധ മത പരിവര്‍ത്തന ഓര്‍ഡിനന്‍സ്, 2020’ നടപ്പാക്കുന്നതിനെക്കുറിച്ചും പരിണത ഫലങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്​. ‘നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന്‍റെ’ തെറ്റായ വ്യാഖ്യാനം ഉപയോഗിച്ച്‌ വിവിധ മതങ്ങള്‍ തമ്മിലുള്ള വിവാഹം തടയുന്നതിനുള്ള ശ്രമമാണ്​ നടക്കുന്നത്​. വിവിധ മതങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ ലക്ഷ്യമിടുന്നതിനും ഹിന്ദുക്കളല്ലാത്തവരെ ആക്രമിക്കാനും അറസ്റ്റുചെയ്യാനും ഇത്തരം നിയമങ്ങള്‍ കാരണമാകുന്നതായും റിപ്പോര്‍ട്ട്​ പറയുന്നു.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതിയിലൂടെ സിവില്‍ സമൂഹത്തെ കൂടുതല്‍ ഞെരുക്കുന്നതിനും മത സംഘടനകളെയും മത സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളെയും അടച്ചു പൂട്ടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാക്കി. നിയമ ഭേദഗതി ബാധിച്ച അത്തരമൊരു സംഘടനയാണ് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍. മത ന്യൂനപക്ഷങ്ങളെ ‘വിദ്വേഷകരമായ പ്രയോഗങ്ങള്‍കൊണ്ട്​’ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

‘തെറ്റായ വിവരങ്ങളും അസഹിഷ്ണുത നിറഞ്ഞ ഉള്ളടക്കവും പ്രചരിപ്പിക്കുന്നതിലൂടെ ഭീഷണിപ്പെടുത്തല്‍, ആള്‍ക്കൂട്ട ആക്രമണം എന്നിവയ്ക്ക് അധികൃതര്‍ ധൈര്യം പകര്‍ന്നിട്ടുണ്ട്. ഇതില്‍ പ്രധാനമായും ദലിതര്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ആദിവാസികള്‍, മറ്റ് മത സമുദായങ്ങള്‍ എന്നിവര്‍ക്കെതിരായ നിരവധി അക്രമങ്ങള്‍ ഉള്‍പ്പെടുന്നു.

spot_img

Related Articles

Latest news