ന്യൂഡൽഹി: ഡൽഹിയിൽ ഓക്സിജൻ ലഭിക്കാതെയുള്ള കോവിഡ് രോഗികളുടെ മരണം തുടരുന്നു. ഗംഗാറാം ആശുപത്രിയിലെ ദുരന്തത്തിന് പിന്നാലെ ജയ്പുർ ഗോൾഡൺ ആശുപത്രിയിലും ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 20 പേരാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മരിച്ചത്.
ഓക്സിജൻ ലഭിക്കാത്തതു തന്നെയാണ് രോഗികളുടെ മരണകാരണമെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കി. മാത്രമല്ല, 210 രോഗികൾ ചികിത്സയിലുണ്ടെന്നും പരമാവധി 30 മിനിറ്റ് ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമാണ് സ്റ്റോക്കുള്ളതെന്നും ആശുപത്രി വ്യക്തമാക്കി_.
ഡൽഹിയിലെ പല ആശുപത്രികളിലും സമാന സ്ഥിതിയാണെന്നാണ് സൂചന. ആശുപത്രികൾ രോഗികളെ നിർബന്ധിതമായി ഡിസ്ചാർജ് ചെയ്യുകയും തിരിച്ചയയ്ക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.
നേരത്തെ, ഓക്സിജൻ ലഭിക്കാത്തത് മൂലം ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ 25 രോഗികളാണ് മരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഓക്സിജൻ ക്ഷാമം ചൂണ്ടിക്കാണിച്ച് നിരവധി സ്വകാര്യ ആശുപത്രികൾ മുന്നോട്ടുവന്നിരുന്നു. നിരവധി ആശുപത്രികൾ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.