ജാഗ്രത പോര്‍ട്ടല്‍ രജിസ്‌ട്രേഷനെ ചൊല്ലി ബഹളം, അതിര്‍ത്തിയില്‍ കേരള ബസ്സുകള്‍ തടഞ്ഞിട്ടു

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം പാലിക്കാത്തതിനെ ചൊല്ലി അതിര്‍ത്തിയില്‍ വാക്കേറ്റവും ബഹളവും. കെ.എസ്.ആര്‍.ടി.സി ബസ്സുകളടക്കമുള്ള വാഹനങ്ങള്‍ മൂന്ന് മണിക്കൂറോളം കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞിട്ടു. കേരള, കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരും ഇരു സംസ്ഥാനത്തെയും തഹസില്‍ദാര്‍മാരും നടത്തിയ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ചതോടെയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.

ഇന്നലെ കാലത്ത് ഏഴരയോടെയായിരുന്നു തര്‍ക്കത്തിന്റെ തുടക്കം. കര്‍ണാടകയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിക്ക് വരുകയായിരുന്ന കര്‍ണാടക ആര്‍.ടി.സി ബസിലെ യാത്രക്കാരോട് കല്ലൂര്‍ 67- ലെ ഫെസിലിറ്റേഷന്‍ സെന്ററിലെ ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞതിന് പിറകെ വാക്കേറ്റവും ബഹളവുമായിരുന്നു.കര്‍ണാടകയില്‍ നിന്ന് വരുന്ന എല്ലാ വാഹനങ്ങളിലെയും യാത്രക്കാര്‍ കേരളത്തിലേക്ക് കടക്കുന്നതിന് മുമ്ബ് പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. പേര് രജിസ്റ്റര്‍ ചെയ്യാതെ വന്ന കര്‍ണാടക ബസിലെ യാത്രക്കാരോട് ഫെസിലിറ്റേഷന്‍ സെന്ററിലെ ജീവനക്കാര്‍ പേര് രജിസ്റ്റര്‍ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. യാത്രക്കാരില്‍ പലരും രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായി. നാല് പേര്‍ പേര് രജിസ്റ്റര്‍ ചെയ്തു.

അതിനിടയ്ക്ക്, ബസിലെ യാത്രക്കാര്‍ അങ്ങിനെ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും, ഇപ്പോള്‍ അതിനുള്ള സമയമില്ലെന്നും പറഞ്ഞ് കണ്ടക്ടര്‍ ജീവനക്കാരുമായി തര്‍ക്കത്തിലായി. രജിസ്റ്റര്‍ ചെയ്യാതെ പോകാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ എഴുപതോളം യാത്രക്കാരുമായി വന്ന ബസ്സ് കര്‍ണാടകയിലേക്ക് തിരിച്ചു വിടുകയായിരുന്നു.

കര്‍ണാടക അതിര്‍ത്തി കടന്ന ഉടന്‍ ബസ് ജീവനക്കാരെ കേരളത്തില്‍ വെച്ച്‌ കയ്യേറ്റം ചെയ്തുവെന്ന് ചിലര്‍ പറഞ്ഞു. അതോടെ, കേരളത്തില്‍ നിന്നുള്ള ബസുകള്‍ അതിര്‍ത്തിയില്‍ തടഞ്ഞിടാന്‍ തുടങ്ങി.

പെരിന്തല്‍മണ്ണയില്‍ നിന്നും കോഴിക്കോട് നിന്നും തിരിച്ച രണ്ട് ബംഗളുരു സര്‍വീസും കോഴിക്കോട് നിന്നുള്ള ഒരു മൈസൂര്‍ സര്‍വീസുമാണ് തടഞ്ഞിട്ടത്. കേരളത്തില്‍ നിന്നുള്ള സ്വകാര്യ വാഹനങ്ങളും കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞു.

ഗുണ്ടല്‍പേട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഹാദേവന്‍, തഹസില്‍ദാര്‍ വിജയശങ്കര്‍, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ പി.എസ്.ഉണ്ണികൃഷ്ണന്‍, പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ എന്നിവര്‍ സ്ഥലത്തെത്തി ബസിലെ യാത്രക്കാരോടും ജീവനക്കാരോടും സംസാരിച്ച്‌ പ്രശ്നം രമ്യമായി പരിഹരിക്കുകയാണുണ്ടായത്.

 

തിങ്കളാഴ്ച മുതല്‍ നിയമം കര്‍ശനം

മുത്തങ്ങ: കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തശേഷം മാത്രമെ യാത്രക്കാരെ ഇനി കേരളത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഇത് തിങ്കളാഴ്ച മുതല്‍ കര്‍ശമായി നടപ്പിലാക്കും.

spot_img

Related Articles

Latest news