കര്‍ണാടക കൊട്ടിയടച്ച വഴികളിലൂടെ കേരളം അവര്‍ക്ക് പ്രാണവായു എത്തിക്കുന്നു. അയല്‍സംസ്ഥാനമായ തമിഴ്നാടിനും കേരളം ഓക്സിജന്‍ നല്‍കുന്നുണ്ട്. ഇരുസംസ്ഥാനത്തിനുമായി 100 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ കേരളം നല്‍കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് രോഗികള്‍ പ്രാണവായുകിട്ടാതെ മരിക്കുമ്പോളാണ് കേരളത്തിന്റെ ഈ മാതൃക.
രോഗികള്‍ക്ക് ആനുപാതികമായും അതിലധികവും മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പ്പാദനമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. കഞ്ചിക്കോട് ഇനോക്സ് എയര്‍ പ്രൊഡക്‌ട്സ്, ചവറ കെഎംഎംഎല്‍, പരാക്സെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് മെഡിക്കല്‍ ഓക്സിജന്‍ നിര്‍മിക്കുന്നത്.
കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനത്തിന് ഒരു ദിവസം ഏകദേശം 70–80 മെ.ടണ്‍ ഓക്സിജന്‍ ആവശ്യമായി വരും. വിവിധ കേന്ദ്രങ്ങളിലായി 150 മെ. ടണ്ണില്‍ അധികം ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടാകില്ലെന്ന് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസൊ) ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറും സംസ്ഥാനത്തെ മെഡിക്കല്‍ ഓക്സിജന്‍ നോഡല്‍ ഓഫീസറുമായ ഡോ. ആര്‍ വേണുഗോപാല്‍ പറഞ്ഞു.
പെസൊയുടെ നിര്‍ദേശപ്രകാരം നിലവില്‍ ഓക്സിജന്‍ വിതരണം ആരോഗ്യമേഖലയിലേക്ക് മാത്രമാണ്. ഒരു ടണ്‍ മെഡിക്കല്‍ ഓക്സിജന്റെ വില കോവിഡ്കാലത്ത് കെഎംഎംഎല്‍ പതിനായിരമായി കുറച്ചിരുന്നു. ഹരിയാന പോലുള്ള സംസ്ഥാനങ്ങളില്‍ 50,000 രൂപയാണ് ഒരു ടണ്‍ ഓക്സിജന് വേണ്ടിവരിക.