ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരേ അഴിമതി ആരോപണങ്ങളുടെ പേരില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനു പിന്നാലെ ദേശ്മുഖിന്റെ വീട്ടിലും ഇദ്ദേഹവുമായി ബന്ധപ്പെട്ട മുംബൈയിലെ വിവിധയിടങ്ങളിലും സിബിഐ പരിശോധന നടത്തി.
മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗാണു ദേശ്മുഖിനെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ബാറുകളില്‍നിന്നും റെസ്റ്റോറന്റുകളില്നിന്നുമായി 100 കോടി രൂപ പിരിച്ചുനല്‍കാന്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം.
ഈ ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയും ഫയല്‍ ചെയ്തു. സിംഗ് ആദ്യം സുപ്രീം കോടതിയിലാണു ഹര്‍ജി നല്‍കിയതെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.