മോഡി സർക്കാരിനെ വിമർശിച്ച് നിർമല സീതാരാമന്റെ ഭർത്താവ്‌

ന്യൂഡൽഹി: കോവിഡ്‌ കൈകാര്യം ചെയ്യുന്നതിൽ മോഡി സർക്കാരിന്റെ കെടുകാര്യസ്ഥതയെ വിമർശിച്ച്‌ ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ്‌ ഡോ. പരകാല പ്രഭാകർ. രാജ്യത്ത്‌ മഹാമാരി പടരുമ്പോൾ കേന്ദ്രം മരവിച്ച്‌ ചലനമറ്റ നിലയിലും ഹൃദയശൂന്യമായ അവസ്ഥയിലുമാണെന്ന്‌ പ്രഭാകർ യുട്യൂബിലെ ബ്ലോഗായ ‘മിഡ്‌വീക്ക്‌ മാറ്റേഴ്‌സി’ൽ പറഞ്ഞു.

പ്രധാനമന്ത്രിയുടെ  വാക്‌ചാതുരിസർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കും ഹൃദയശൂന്യതയ്‌ക്കുമുള്ള പ്രായശ്ചിത്തമായി മാറുകയാണ്‌. അതിഥിത്തൊഴിലാളികളുടെ പലായന ദൃശ്യങ്ങൾ സൃഷ്ടിക്കുന്ന ക്ഷോഭത്തെ മരവിപ്പിലൂടെ സർക്കാർ മറികടക്കുകയാണ്‌. മരവിപ്പ്‌ എക്കാലവും നിലനിൽക്കില്ല. കരുണയും സുതാര്യതയും സഹാനുഭൂതിയുമാണ്‌ നിലനിൽക്കുക. ഇതിൽ ഏത്‌ തെരഞ്ഞെടുക്കണമെന്ന്‌ പ്രധാനമന്ത്രി ഇപ്പോൾ തീരുമാനിക്കണം.

രാജ്യത്ത്‌ കോവിഡ്‌ കേസുകളുടെയും മരണങ്ങളുടെയും കണക്ക്‌ ശരിയല്ല. സ്ഥിതി അതീവഗുരുതരമെന്ന്‌ ഡോക്ടർമാർ പറയുന്നു. പരിശോധനാ സംവിധാനം തകർന്നിരിക്കയാണ്‌. ആശുപത്രികളുടെയും ലാബുകളുടെയുമെല്ലാം ശേഷിക്കപ്പുറം കാര്യങ്ങൾ എത്തി. രോഗികളുമായി ആംബുലൻസുകൾ ആശുപത്രികൾക്ക്‌ മുന്നിൽ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന ദൃശ്യങ്ങളാണ്‌ പ്രചരിക്കുന്നത്‌. രാഷ്ട്രീയനേതാക്കൾ തെരഞ്ഞെടുപ്പ്‌ റാലികൾക്കും മതനേതാക്കൾ മതകൂട്ടായ്‌മകൾക്കുമാണ്‌ പ്രാമുഖ്യം നൽകുന്നത്‌.

രാജ്യത്ത്‌ വാക്‌സിനേഷൻ കുറഞ്ഞു‌. അടച്ചിടൽ പരിഹാരമല്ല. വാക്‌സിനും മറ്റ്‌ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുംവരെ വൈറസിനെ പിടിച്ചുനിർത്താനുള്ള കാലയളവായിരുന്നു–- പ്രഭാകർ പറഞ്ഞു.

Media wings:

spot_img

Related Articles

Latest news