ദോഹ: ജീവവായുവിനായി പിടയുന്ന ഇന്ത്യക്ക് നേരെ കാരുണ്യത്തിന്റെ കൈ നീട്ടി ഖത്തറും. ഇന്ത്യക്ക് ഓക്സിജന്‍ എത്തിക്കാന്‍ ഖത്തര്‍ തയ്യാറാണെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട്.
കൊവിഡ് രണ്ടാം തരംഗ വ്യാപനം കരുത്താര്‍ജ്ജിച്ചതോടെ കടുത്ത ഓക്സിജന്‍ ക്ഷാമമാണ് ഇന്ത്യ നേരിടുന്നത്. ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് ദിനംപ്രതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളില്‍ നിന്ന് പുറത്തു വരുന്നത്. രാജ്യത്തെ വലിയ വലിയ ആശുപത്രികളില്‍ പോലും ഓക്സിജന്‍ ലഭ്യമല്ല. പലയിടത്തും മണിക്കൂറുകള്‍ക്കുള്ള ഓക്സിജനേ ശേഷിക്കുന്നുള്ളൂ എന്ന് ദിവസങ്ങളായി റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
ഖത്തര്‍ പെട്രോളിയത്തിന്റെ അനുബന്ധ കമ്പനിയായ ഗസല്‍ ആണ് സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരിക്കുന്നത്. പെട്രോ കെമിക്കല്‍ ഉള്‍പെടെ ഉള്ള വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഓക്സിജന്‍ ഉല്പാദിപ്പിക്കുന്നവരാണ് ഗസല്‍. ദിനംപ്രതി 60 ടണ്‍ ഓക്സിജന്‍ ഇന്ത്യയിലേക്ക് എത്തിക്കാനാണ് ഗസലിന്റെ തീരുമാനം. ഓക്സിജന്‍ ഉടന്‍ എയര്‍ലിഫ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.