ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നീണ്ട മത്സരത്തിൽ ഡൽഹി കാപ്പിറ്റൽസിനെ റോയൽ ചാലഞ്ചേഴ്സ് ഒരു റൺസിന് വീഴ്ത്തി. അവസാന പന്തിൽ വിജയത്തിലേക്ക് ആറു റൺസ് വേണ്ടിയിരുന്ന ഡൽഹിക്കായി ബാറ്റേന്തിയ ഋഷഭ് പന്തിന് നാലു റൺസ് ചേർക്കാനേ ആയുള്ളൂ. അവസാന ഓവറിൽ വിജയത്തിനായി 14 റൺസ് തേടി ബാറ്റേന്തിയ ഡൽഹിയെ സിറാജ് 13 റൺസിലൊതുക്കുകയായിരുന്നു. ഒരു റൺസ് ജയവുമായി ബാംഗ്ലൂർ പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.
47 റൺസിന് മൂന്നുവിക്കറ്റ് വീണ് വിജയത്തിലേക്ക് വലിയ റൺനിരക്ക് വേണ്ടിയിരുന്ന ഡൽഹിയെ അവസാന പന്തുവരെയെത്തിച്ചത് ഷിംറോൺ ഹെറ്റ്മെയറിന്റെ അതിവേഗ അർധ സെഞ്ച്വറിയാണ്. 25 പന്തിൽ നിന്നും 53 റൺസെടുത്ത ഹെറ്റ്മെയറിന്റെ ബാറ്റിൽ നിന്നും നാലു സിക്സറുകളും രണ്ട് ബൗണ്ടറികളും പിറന്നു. ഋഷഭ് പന്ത് 58 റൺസെടുത്തെങ്കിലും അതിനായി നേരിട്ട 48 പന്തുകൾ മത്സരത്തിന്‍റെ വിധി കുറിക്കാൻ പോന്നവയായിരുന്നു. പ്രഥി ഷാ (21), ശിഖർ ധവാൻ (6), സ്റ്റീവ് സ്മിത്ത് (4), മാർകസ് സ്റ്റോയ്നിസ് (22) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ. ബാംഗ്ലൂരിനായി ഹർഷൽ പേട്ടൽ രണ്ട് വിക്കറ്റെടുത്തു.