ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഡോക്ടർമാരുടെ ദേശീയ സംഘടനയായ ഐ. എം. എ യുടെ വൈസ് പ്രസിഡന്‍റ് ഡോ. നവജ്യോത് ദാഹിയ. ‘മോദി കോവിഡ് സൂപ്പർ സ്‌പ്രെഡർ’ ആണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ. എം. എ) നേതാവ് കുറ്റപ്പെടുത്തി.
കോവിഡ് വ്യാപനം ശക്തിപ്രാപിച്ച വേളയിലാണ് ആയിരങ്ങളെ പങ്കെടുപ്പിച്ച് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലികൾ നടത്തിയത്. “ഒരുവശത്ത് കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ആരോഗ്യപ്രവർത്തകർ കഠിനാധ്വാനം ചെയ്യുമ്പോൾ, എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി കൂറ്റൻ രാഷ്ട്രീയ റാലികളെ അഭിസംബോധന ചെയ്യുന്ന തിരക്കിലായിരുന്നു പ്രധാനമന്ത്രി മോദി” ഡോ. ദാഹിയ ‘ദി ട്രിബ്യൂണി’ന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് റാലികളും ഹരിദ്വാറിലെ കുംഭമേളയും കോവിഡ് ഭീതിക്കിടയിലും മുടക്കമില്ലാതെ തുടർന്നു. ഇത് രാജ്യവ്യാപകമായി രോഗം കുതിച്ചുയരാൻ ഇടയാക്കി. മരണ നിരക്കും ഉയരാനും ചികിത്സ കിട്ടാതെ ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്ക് രോഗികൾ അലയാനും ഇതിടയാക്കി.