വി വി പ്രകാശിന്റെ സംസ്കാരം വൈകിട്ട് എടക്കരയിൽ

അന്തരിച്ച മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂർ യു ഡി എഫ് സ്ഥാർനാർത്ഥിയുമായിരുന്ന വി  വി പ്രകാശിന്റെ സംസ്കാരം വൈകിട്ട് എടക്കരയിൽ നടക്കും.

ഇന്നലെ അർദ്ധരാത്രിയ്ക്ക്  ശേഷം  ഹൃദയാഘാതത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. 56 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫലപ്രഖ്യാപനത്തിന് മൂന്നു ദിവസം ബാക്കിയിരിക്കെയാണ് അന്ത്യം. നിലമ്പൂർ എടക്കര സ്വദേശിയാണ്. ഭാര്യ: സ്മിത (ഈസ്റ്റ് ഏറനാട് ബാങ്ക്, എടക്കര). മക്കള്‍: നന്ദന പ്രകാശ്, നിള പ്രകാശ്.

ഭൗതികശരീരം രാവിലെ 6.30 മുതല്‍ 7.30 വരെ മലപ്പുറം ഡിസിസി ഓഫിസില്‍ ഉണ്ടായിരിക്കും. വൈകീട്ട് മൂന്നിന് എടക്കരയില്‍ സംസ്‌കരിക്കും. വിവിധ കോണ്‍ഗ്രസ് നേതാക്കളും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരും അനുശോചനം അറിയിച്ചു.

കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണന്‍ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയില്‍ ആയിരുന്നു ജനനം. എടക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളിലും ചുങ്കത്തറ എം.പി.എം ഹൈസ്‌കൂളിലുമായി സ്‌കൂള്‍ പഠനം. മമ്പാട് എം.ഇ.എസ് കോളേജിലും മഞ്ചേരി എന്‍.എസ്.എസ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.

ഹൈസ്‌കൂള്‍ പഠന കാലത്ത് തന്നെ കെ.എസ്.യു പ്രവര്‍ത്തകനായ പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി,മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി,ജില്ലാ പ്രസിഡണ്ട്,സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. പിന്നീട് കെ സി വേണുഗോപാല്‍ പ്രസിഡണ്ടായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി.

കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡണ്ടായ കെപിസിസി കമ്മിറ്റികളില്‍ സെക്രട്ടറിയായ വി വി പ്രകാശ് നാലു വര്‍ഷം മുമ്പ് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ടായി നിയമിതനായി. സംഘടനാ പദവികള്‍ക്കിടെ കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍, എഫ്.സി.ഐ അഡൈ്വസറി ബോര്‍ഡ് അംഗം.ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, എടക്കര ഗ്രാമ പഞ്ചായത്ത് അംഗം,എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

spot_img

Related Articles

Latest news