18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കില്ല. കൂടുതൽ വാക്സിൻ അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.
വാക്സിൻ ക്ഷാമത്തെ തുടർന്ന് വിവിധ ജില്ലകളിൽ ഇന്ന് വാക്സിനേഷൻ മുടങ്ങും. അതെസമയം, സ്വകാര്യ ആശുപത്രികളക്കം 50 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക് നീക്കിവെക്കണമെന്ന് സർക്കാർ ഉത്തരവിറക്കി.
രാജ്യത്ത് ഇന്ന് മുതൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കുമെങ്കിലും സംസ്ഥാനത്ത് ഇന്ന് തുടങ്ങില്ല. ഇതുവരെ ലഭിച്ച വാക്സിൻ 45 വയസിന് മുകളിൽ ഉള്ളവർക്ക് നൽകാൻ വേണ്ടിയാണ്. അതിൽ തന്നെ എല്ലാ ജില്ലകളിലും എത്തിക്കാൻ വാക്സിൻ ഇല്ല.
രണ്ടാം ഡോസ് എടുക്കാനായി രജിസ്റ്റർ ചെയ്തവർക്കും നൽകാൻ വാക്സിൻ സ്റ്റോക്ക് ഇല്ല. അതിനാൽ കൂടുതൽ വാക്സിൻ അനുവദിക്കാതെ 45 വയസിന് താഴെ ഉള്ളവരുടെ വാക്സിനേഷൻ ആരംഭിക്കേണ്ടന്നാണ് തീരുമാനം. സംസ്ഥാനത്ത് തിരുവനന്തപുരം അടക്കം വിവിധ ജില്ലകളിൽ വാക്സിനേഷൻ ഇന്ന് മുടങ്ങും.
ഇന്നും നാളെയും തിരുവനന്തപുരം ജില്ലയിൽ വാക്സിനേഷൻ ഉണ്ടാകില്ല. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപതികളിലും സർക്കാർ ആശുപത്രികളിലും ലഭ്യമായ കിടക്കകളുടെ 50 ശതമാനം കൊവിഡ് ചികിത്സയ്ക്ക് നീക്കിവെക്കാൻ നിർദ്ദേശിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി.
Media wings: