മൃതദേഹങ്ങള്‍ തിരികെ നല്‍കില്ല;‍ തെറ്റിദ്ധാരണയില് കൊവിഡ് ചികിത്സയ്ക്ക് തയ്യാറാവാതെ യുപിയിലെ ഗ്രാമവാസികള്‍

ലഖ്‌നൗ: കൊവിഡ് പരിശോധന നടത്തി ആശുപത്രിയില്‍ പോയി ചികിത്സിക്കുന്നതിക്കാളും ഒക്കെ എത്ര നല്ലതാണ് സ്വന്തം മണ്ണില്‍ കിടന്ന് മരിക്കുന്നത് എന്ന ധാരണയിലാണ് യുപിയിലെ ഗ്രാമവാസികള്‍.

ഉത്തര്‍പ്രദേശിലെ പല ഗ്രാമങ്ങളിലുള്ളവര്‍ ഈ കൊവിഡ് കാലത്ത് ആശുപത്രികളില്‍ പോകുന്നില്ല. കൊവിഡിനെ പറ്റി ഒരു ഗ്രാമവാസിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; ‘ആശുപത്രിയില്‍ അവര്‍ കൊറോണ ഇഞ്ചക്ഷന്‍ നല്‍കുന്നുണ്ട്. അതു കാരണം ജനങ്ങള്‍ മരിച്ചുവീഴുകയാണ്, അസുഖ ബാധിതനായാലും ആരും ആശുപത്രിയില്‍ പോയി കോവിഡ് പരിശോധന നടത്തരുത്’, പ്രയാഗ്‌രാജില്‍നിന്ന് 53 കിലോമീറ്റര്‍ അകലെയുള്ള പ്രതാപുര്‍ ഗ്രാമവാസിയായ 45 കാരന്‍ ഇന്ദര്‍പാല്‍ പാസി തന്റെ സുഹൃത്തുക്കളോടായി പറഞ്ഞു. ദേശിയ മാധ്യമമായ ദി പ്രിന്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ആശുപത്രികളില്‍ പോയാല്‍ അവര്‍ ആളുകളെ കൊല്ലുന്ന കൊറോണ ഇഞ്ചക്ഷന്‍ നല്‍കും, മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കില്ല, ആശുപത്രിയില്‍ പോകുന്നവരെ ഒറ്റയ്ക്ക് പൂട്ടിയിടും, അവരുടെ വൃക്ക നീക്കം ചെയ്യും തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് ഇവിടത്തുകാര്‍ ഈ മഹാമാരിക്കാലത്ത് ജിവിക്കുന്നതെന്നത് കൊവിഡിന്റെ രണ്ടാം തരംഗം എന്നതുപോലെ തന്നെ ആശങ്ക ജനിപ്പിക്കുന്ന ഒന്നാണ്. ഇത്തരം ചിന്തഗതികളാല്‍ എത്രയോ പേരുടെ ജീവനും ജീവിതവുമാണ് ഇല്ലാതാകുന്നത്.

ഇത്തരത്തിലുള്ള ആശങ്കകളാല്‍ ഗ്രാമവാസികള്‍ ഗുരുതരാവസ്ഥയിലാകുമ്പോൾ മാത്രമേ ചികിത്സ ആവശ്യപ്പെടുന്നുള്ളൂവെന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാരും അംഗീകരിക്കുന്നുണ്ട്.

‘ആശുപത്രിയില്‍ എത്തുന്ന ഓരോ രണ്ടാമത്തെ വ്യക്തിയും ശ്വാസതടസ്സത്തോടെയാണ് ഇവിടെ എത്തുന്നത്. അവരെ രക്ഷിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അവസാന നിമഷമാണ് എത്തുന്നത് എന്നുകൊണ്ട് തന്നെ അവരെ രക്ഷിക്കുന്നത് അസാധ്യമായി തീരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞങ്ങളുടെ ആശുപത്രിയില്‍ 10 മരണങ്ങള്‍ സ്ഥിരീകരിച്ചു. ദിവസവും രണ്ട്, മൂന്ന് മരണങ്ങള്‍ സംഭവിക്കുന്നു’, മഞ്ജന്‍പൂര്‍ ജില്ലാ ആശുപത്രി സൂപ്പറണ്ട് ഡോ. ദീപക് സേഠ് പറഞ്ഞു.

കോവിഡ് രോഗികള്‍ക്കായി എല്‍ 2 സൗകര്യമാണ് മഞ്ജന്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഓക്‌സിജന്‍ ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുവാനും മെച്ചപ്പെട്ട ചികിത്സ ഒരുക്കുവാനും സാധിക്കും. 70 ഓളം കിടക്കകളാണ് ആശുപത്രിയിലുള്ളതെന്നും ഇപ്പോള്‍ എല്ലാം നിറഞ്ഞിരിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നല്ല ‍രീതിയില് കൈകാര്യം ചെയ്യുന്നുണ്ടെന്നും ആശാ പ്രവര്‍ത്തകരുടെയും സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പുകളുടെയും സഹായത്തോടെ അവബോധം വളര്‍ത്തുകയാണെന്നും യുപി ക്യാബിനെറ്റ് മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു.

‘കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ മരിച്ചാല്‍ അവരുടെ മൃതദേഹം തിരികെ ലഭിക്കില്ലെന്ന് ഇവിടത്തെ ആളുകള്‍ ഭയപ്പെടുന്നു. അന്ത്യകര്‍മങ്ങള്‍ പോലും നടത്താന്‍ ആരും വരില്ല. മാത്രമല്ല, കൊവിഡ് ഫലം പോസിറ്റീവാണെങ്കില്‍ തങ്ങളുടെ വൃക്ക എടുക്കുമെന്നും നാട്ടുകാര്‍ക്ക് പേടിയാണ്. അതുകൊണ്ട് തന്നെ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രികളില്‍ പോയി പരിശോധന നടത്താന്‍ പേടിയാണ്’, ലല്ലാപൂര്‍ ഗ്രാമത്തിലെ മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായ വന്‍സര്‍ ദ്വിവേദി പറഞ്ഞു.

spot_img

Related Articles

Latest news