ഇടതു തരംഗത്തിനിടയിലും സ്വന്തം തട്ടകമായ പാലായിൽ ജോസ് കെ മാണിയുടെ തോൽവി അവിശ്വസനീയമായി. നേമം പിടിച്ചെടുക്കാനെത്തിയ കെ മുരളീധരനും താമരകോട്ട കാക്കാനിറങ്ങിയ കുമ്മനം രാജശേഖരനും പരാജയം രുചിച്ചു. തൃശ്ശൂരിൽ പദ്മജയും നടൻ സുരേഷ് ഗോപിയും തോറ്റ പ്രമുഖരിൽ പെടുന്നു. അരുവിക്കരയിലെ യു ഡി എഫ് കോട്ട കൈ വിട്ട ശബരീനാഥിന്റെ പരാജയവും ഞെട്ടിക്കുന്നതാണ്.
കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയുടെ പരാജയം നിലവിലെ മന്ത്രിയുടെ പരാജയം എന്ന നിലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടേക്കും. എം സ്വരാജ് തൃപ്പൂണിത്തുറയിൽ കെ ബാബുവിനോട് തോറ്റത് അപ്രതീക്ഷിതമല്ലെങ്കിലും സിപിഎം വൃത്തങ്ങൾക്ക് അത് വേദനയാകും. പൂഞ്ഞാറിലെ ഒറ്റയാൻ പി സി ജോർജിന്റെ വൻ തോൽവിയും ശ്രദ്ദിക്കപ്പെട്ട ഒന്നാണ്.
ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും (കോന്നിയിലും മഞ്ചേശ്വരത്തും) പരാജയം നുണഞ്ഞു. ശോഭ സുരേന്ദ്രൻ (കഴക്കൂട്ടം), വി വി രാജേഷ് (വട്ടിയൂർക്കാവ്), എം ടി രമേശ് (കോഴിക്കോട് സൗത്ത്), ഇ ശ്രീധരൻ (പാലക്കാട്), ജേക്കബ് തോമസ് (ഇരിങ്ങാലക്കുട), അൽഫോൻസ് കണ്ണന്താനം (കാഞ്ഞിരപ്പള്ളി) എന്നീ പ്രമുഖരും എൻ ഡി എ പക്ഷത്ത് നിന്ന് തോൽവിയടഞ്ഞവരിൽ പെടുന്നു.
കെ എം ഷാജി, കെ ടി ഫിറോസ് എന്നിവരുടെ തോൽവി ലീഗിന് താങ്ങാവുന്നതിനും അപ്പുറമാണ്. ശിവദാസൻ നായർ, പീതാംബരക്കുറുപ്പ്, ജ്യോതികുമാർ ചാമക്കാല, ഷിബു ബേബി ജോൺ, എം ലിജു, ബാബു ദിവാകരൻ, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, അനിൽ അക്കര, തോമസ് ഉണ്ണിയാടൻ, പി കെ ജയലക്ഷ്മി, സതീശൻ പാച്ചേനി തുടങ്ങി ഒട്ടേറെ പ്രമുഖർ യു ഡി എഫ് പക്ഷത്ത് നിന്ന് ഇടതു തരംഗത്തിൽ കടപുഴകി. യുവ നേതാവ് വി ടി ബലറാം ശക്തിയേറിയ പോരാട്ടത്തിനൊടുവിൽ ആണ് എം ബി രാജേഷിനോട് അടിയറവ് പറഞ്ഞത്.