ദമ്മാം: ആപത്തു കാലത്തൊക്കെ കൂടെ നിൽക്കുകയും, ജനക്ഷേമത്തിനു മുൻഗണന നൽകി നല്ല ഭരണം കാഴ്ച വയ്ക്കുകയും ചെയ്തതിനു കേരളത്തിലെ ജനങ്ങൾ നൽകിയ സമ്മാനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ചരിത്രവിജയമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.
ജാതിമത സംഘടനാനേതാക്കളെ സ്വാധീനിച്ചു പിന്തുണ തേടിയും, ശബരിമലയെ മുൻനിർത്തി വർഗ്ഗീയ പ്രചാരണം നടത്തിയും, സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ വരെ എതിർത്തും, കേന്ദ്രഏജൻസികളെയും മാധ്യമങ്ങളെയും ഉപയോഗിച്ച് യാതൊരു തെളിവുമില്ലാത്ത കുറെ ആരോപണങ്ങൾ അഴിച്ചു വിട്ടും, പ്രതിപക്ഷ കക്ഷികളും സംഘപരിവാറും നടത്തിയ ആക്രമണങ്ങളെ അതിജീവിച്ചാണ് ഇടതുപക്ഷ മുന്നണി ഈ വൻവിജയം കരസ്ഥമാക്കിയത്. അത് ഈ വിജയത്തെ കൂടുതൽ മധുരതരമാക്കുന്നു.
എല്ലാ അഞ്ചു കൊല്ലവും കൂടുമ്പോൾ ഭരണം മാറുന്ന കേരളത്തിന്റെ ശീലം അവസാനിപ്പിച്ചു കൊണ്ട്, ജനങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിയ്ക്കുന്നവർക്ക് തുടർഭരണം നൽകാൻ തങ്ങൾക്ക് മടിയില്ല എന്ന് കേരളജനത വിധിയെഴുതിക്കഴിഞ്ഞിരിയ്ക്കുന്നു. പിണറായി വിജയൻറെ നേതൃത്വത്തിൽ ഉള്ള ഇടതുപക്ഷസർക്കാരിന്റെ തുടർഭരണമാണ് തങ്ങൾ ആഗ്രഹിയ്ക്കുന്നതെന്ന്, ജനങ്ങൾ യാതൊരു സംശയവുമില്ലാതെ ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു.
ഈ തെരെഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ സ്ഥാനാർഥികളെയും അഭിനന്ദിയ്ക്കുന്നതായും, മികച്ച ഈ ജനവിധി എഴുതിയ പ്രബുദ്ധകേരളത്തിലെ വോട്ടർമാരെ നവയുഗം കേന്ദ്രകമ്മിറ്റി അഭിവാദ്യം ചെയ്യുന്നതായും കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ആക്ടിങ് സെക്രട്ടറി ദാസൻ രാഘവനും പറഞ്ഞു.