മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച മുസ്ലിം ലീഗിന് ഇടതു തരംഗത്തില്‍ തിരിച്ചടി. മലപ്പുറം ജില്ലയില്‍ പിടിച്ചു നിന്നെങ്കിലും മറ്റിടങ്ങളില്‍ നാല് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. കളമശ്ശേരി, അഴീക്കോട്, കോഴിക്കോട് സൗത്ത്, കുറ്റ്യാടി മണ്ഡലങ്ങളിലാണ് ലീഗ് സ്ഥാനാര്‍ഥികള്‍ തോറ്റത്.
അഴീക്കോട്ട് കെ.എം. ഷാജി, കോഴിക്കോട് സൗത്തില്‍ നൂര്‍ബീന റഷീദ്, കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ല, കളമശ്ശേരിയില്‍ ഇബ്രാഹീം കുഞ്ഞിന്റെ മകന് വി. ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ തോല്‍വി പാര്‍ട്ടിക്ക് ക്ഷീണമായി. നൂര്‍ബീന 12,000ലേറെയും അബ്ദുല്‍ ഗഫൂര്‍ 15,000ലേറെയും വോട്ടിനാണ് തോറ്റത്.
കോഴിക്കോട്ടുനിന്ന് മാറി കൊടുവള്ളിയിലെത്തിയ എം.കെ. മുനീര്‍ വോട്ടെണ്ണലിനിടയില്‍ വിയര്‍ത്തെങ്കിലും മണ്ഡലം തിരിച്ചു പിടിച്ചത് ആശ്വാസത്തിന് വക നല്കുന്നു. തിരുവമ്പാടിയില്‍ ജയപ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും സി.പി. ചെറിയ കുഞ്ഞിമുഹമ്മദ് തോറ്റു. പേരാമ്പ്ര, കൂത്തുപറമ്പ്, കുന്ദമംഗലം, കോങ്ങാട്, പുനലൂര്‍ എന്നിവിടങ്ങളിലൊന്നും പച്ച തൊടാനായില്ല. മണ്ണാര്‍ക്കാട്ട് എന്‍. ഷംസുദ്ദീന് ജയിച്ചെങ്കിലും ഭൂരിപക്ഷം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞു.
പാര്‍ട്ടി മത്സരിച്ച മലപ്പുറത്തെ 11 സീറ്റുകളില്‍ പെരിന്തല്മണ്ണയിലൊഴിച്ച് ബാക്കി മണ്ഡലങ്ങളില്‍ മെച്ചപ്പെട്ട ഭൂരിപക്ഷം നേടാനായി. യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള മണ്ഡലമാണെങ്കിലും പെരിന്തല്‍മണ്ണയില്‍ 38 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം കഷ്ടിച്ച് കടന്നു കൂടിയത്. മലപ്പുറത്തെ തിളക്കമാര്‍ന്ന വിജയത്തിനിടയിലും പെരിന്തല്‍മണ്ണയിലെ പ്രകടനം നിറം മങ്ങി.
താനൂരില്‍ യുവ നേതാക്കളില്‍ ഏറ്റവും ശക്തനായ പി.കെ. ഫിറോസിന്റെ അപ്രതീക്ഷിത തോല്‍വി ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു. 985 വോട്ടിന്റെ ഭൂരിപക്ഷത്തിലാണെങ്കിലും ഇടതു സ്വതന്ത്രന് സിറ്റിങ് എം.എല്‍.എ വി. അബ്ദുറഹ്മാന്റെ വിജയം ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ താനൂരില്‍ പാര്‍ട്ടി നേതൃത്വം തീരെ പ്രതീക്ഷിച്ചതല്ല. സര്‍വ സന്നാഹങ്ങളുമായാണ് ലീഗ് അവിടെ പ്രചാരണം നടത്തിയത്. എക്സിറ്റ് പോളുകളില്‍ ഒന്നില്‍ പോലും ഫിറോസിന്റെ തോല്‍വി പ്രവചിച്ചിരുന്നില്ല. അബ്ദുറഹ്മാന്റെ വിജയം ലീഗിന് തിരിച്ചടിയാണ്. ലോക്സഭയില്‍ നിന്ന് നിയമസഭയിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിക്കും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നേടാനായില്ല.