കൊല്ലം: കുണ്ടറയില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുടെ കനത്ത തോല്‍വിക്ക് പിന്നില്‍ സാമുദായിക സമവാക്യമോ അതോ ആഴക്കടല്‍ വിവാദമോയെന്ന ചര്‍ച്ച മുറുകുന്നു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദം ഉയര്‍ത്തിയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.
എന്നാല്‍ മറ്റിടങ്ങളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടായില്ലെന്ന് മാത്രമല്ല തീരമേഖല ഉള്‍പ്പെടുന്ന കൊല്ലം, ഇരവിപുരം മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് വിജയിക്കുകയും ചെയ്തു. കരാറിലേര്‍പ്പെട്ട ഇ.എം.സി.സി കമ്പനി ഡയറക്ടര്‍ മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ മത്സരിച്ചെങ്കിലും കൃത്യമായ സ്വാധീനം ചെലുത്താനും കഴിഞ്ഞില്ല.
ആഴക്കടല്‍ വിവാദത്തിനപ്പുറം ജാതീയ സമവാക്യങ്ങളാണ് വിധി നിര്‍ണയിച്ചതെന്ന വാദമാണ് ശക്തമാകുന്നത്. യു.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുനില മെച്ചപ്പെടുത്തി. 27,754 വോട്ടുകളുടെ വര്‍ദ്ധനവാണ് ഇത്തവണയുണ്ടായത്. ഇതേസമയം എന്‍.ഡി.എയ്ക്ക് 14,160 വോട്ടുകള്‍ കുറയുകയും ചെയ്തു. ബി. ഡി. ജെ. എസിന്റെ വനജ വിദ്യാധരനാണ് എന്‍. ഡി. എയ്ക്ക് വേണ്ടി മത്സരിച്ചത്.
എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വിഷ്ണുനാഥിനെ അനുകൂലിക്കുന്ന സമുദായം യോഗം ചേരുകയും യു.ഡി.എഫ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പ്പെടുത്തുകയും ചെയ്തിരുന്നു. വൈകിയാണ് കുണ്ടറയില്‍ യു. ഡി. എഫ് സ്ഥാനാര്‍ത്ഥിയായി പി.സി. വിഷ്ണുനാഥ് പ്രചാരണത്തിനിറങ്ങിയതെങ്കിലും പ്രവര്‍ത്തനം ശക്തമായിരുന്നു. ഇതേ സാമുദായിക കേന്ദ്രങ്ങളില്‍ നിന്ന് വിഷ്ണുനാഥിന് വേണ്ടി അണിയറയില്‍ കൃത്യമായ നീക്കങ്ങളും നടത്തിയിരുന്നു. അതിനാലാണ് കഴിഞ്ഞ തവണ 30,000ന് മുകളില്‍ നേടിയ മേഴ്സിക്കുട്ടിഅമ്മയുടെ ഭൂരിപക്ഷം തകര്‍ത്ത് പി.സി.വിഷ്ണുനാഥിന് 4,454 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കാനായത്. 2001ന് ശേഷം ആദ്യമായാണ് കുണ്ടറയില്‍ യു. ഡി. എഫ് വിജയിക്കുന്നത്.
സ്ഥാനാര്‍ത്ഥിയും വോട്ടുനിലയും
പി.സി. വിഷ്ണുനാഥ് (യു.ഡി.എഫ്) 76,341
ജെ. മേഴ്സിക്കുട്ടിഅമ്മ (എല്‍.ഡി.എഫ്) 71,887
വനജ വിദ്യാധരന് (എന്‍.ഡി.എ) 6,097
2016 ലെ വോട്ടുനില
എല്‍.ഡി.എഫ് 79,047
യു.ഡി.എഫ് 48,587
എന്‍.ഡി.എ 20,257