തൃശ്ശൂര്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് തൃശൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പി. ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കുമ്പോൾ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെന്നാണ് പലരും വിശേഷിപ്പിച്ചത്.
എന്നാല്‍ നിശബ്ദ പോരാളിയായ അദ്ദേഹം വിജയിച്ചു കയറിയപ്പോള്‍ രാഷ്ട്രീയ നിരീക്ഷകരും മുതിര്‍ന്ന പല രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരും ഒരു പോലെ അമ്പരന്നു.
പല തിരഞ്ഞെടുപ്പ് പ്രവചനങ്ങളിലും ബാലചന്ദ്രന് മൂന്നാംസ്ഥാനമാണ് നല്‍കിയത്. എന്നാല്‍ ഇതെല്ലാം നിശബ്ദം കേട്ടിരുന്ന അദ്ദേഹം ഇന്നലത്തെ ദിവസത്തിനായി കാത്തിരിക്കുകയും വിിജയിച്ചു കാണിക്കുകയും ആയിരുന്നു.
എപ്പോഴും ചിരിച്ചും പരിചിതരെ കെട്ടിപ്പിടിച്ചും നടക്കുന്നില്ല എന്നതാണ് ബാലചന്ദ്രനില്‍ മറ്റുള്ളവര്‍ കുറവായി ആരോപിച്ചത്. എന്നാല്‍, വായനയിലും താത്ത്വികാവലോകനത്തിലും ഗാംഭീര്യമുള്ള പ്രഭാഷണത്തിലും ഊന്നല്ക്കൊടുക്കുന്ന ബാലചന്ദ്രനെ അടുത്തറിയാവുന്നവര്‍ക്കെല്ലാം ബഹുമാനമായിരുന്നു. അവര്‍ക്കെല്ലാം ബാലചന്ദ്രന് ‘ബാല്‍സി’ ആണ്.
കേരളവര്‍മ കോളേജിലെ പഠന കാലത്ത് വലിയൊരു ആരാധക വൃന്ദം തന്നെ ഇദ്ദേഹത്തിനുണ്ടായിരുന്നു. യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സ്വന്തം മുന്നണിയിലെ എസ്.എഫ്.ഐ. കൗണ്സിലറേക്കാള് വലിയ ഭൂരിപക്ഷമാണ് ബാലചന്ദ്രന് നേടിയത്.
സമരമുഖത്തില്‍ സജീവ സാന്നിധ്യമായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയ വ്യത്യാസമില്ലാത്ത സൗഹൃദ വലയം എപ്പോഴും കൂടെയുണ്ടായിരുന്നു.