കോടതി നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ല – സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതി വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് മാധ്യമങ്ങള്‍ പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

മാധ്യമങ്ങള്‍ കോടതിയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. വിധിന്യായങ്ങള്‍ മാത്രമല്ല, ചോദ്യോത്തരങ്ങളും സംഭാഷണങ്ങളും പൗരന്മാര്‍ക്ക് താല്പര്യമുള്ളതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തിന് എതിരേയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തെ കോവിഡ് സാഹചര്യത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാത്രമാണ് ഉത്തരവാദിയെന്നും അവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് റാലികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ സാധിക്കാത്തതിനെച്ചൊല്ലിയായിരുന്നു വിമര്‍ശനം. എന്നാല്‍ ഈ നിരീക്ഷണങ്ങള്‍ അന്തിമ വിധിപ്രസ്താവത്തില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പരാമര്‍ശങ്ങള്‍ കമ്മീഷനെ മോശമാക്കുന്നതാണെന്നും നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, കോടതി വിചാരണയുടെ ഉള്ളടക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഈ സമയത്ത് പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് കോടതിയുടെ അന്തിമ ഉത്തരവിന് തുല്യമായ പൊതുതാല്‍പര്യമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശനങ്ങള്‍ ശരിയായ രീതിയില്‍ എടുക്കണമെന്നും കോടതി വ്യക്തമാക്കി.

spot_img

Related Articles

Latest news