കൊൽക്കത്ത: ബംഗാളിൽ മൃഗീയ ഭൂരിപക്ഷവുമായി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് അധികാരത്തിലേറാൻ പോവുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്ന് പിടിക്കാനായി തെരഞ്ഞെടുപ്പിന് മുമ്പ് കോടികൾ പൊടിച്ച് മാസങ്ങളോളം ബി.ജെ.പി കഷ്ടപ്പെട്ട് പണിയെടുത്തിരുന്നുവെങ്കിലും അതിെൻറ യാതൊരു ഫലവും റിസൽട്ട് പുറത്തുവന്നപ്പോൾ അവർക്ക് കാണാൻ കഴിഞ്ഞില്ല.
അതിനിടെ തൃണമൂൽ വിട്ട് ബി.ജെ.പിയിലേക്ക് നേതാക്കൻമാരുടെ ഒഴുക്കുമുണ്ടായി. മന്ത്രിമാരും എം.പിമാരും എം.എൽ.എമാരുമടക്കമായിരുന്നു ബി.ജെ.പി അധകാരത്തിലേറുന്നത് സ്വപ്നം കണ്ട് തൃണമൂലിൽ നിന്ന് മറുകണ്ടം ചാടിയത്. ഒഴുക്ക് കൂടിയതോടെ ഒടുവിൽ ബി.ജെ.പിക്ക് പോലും ‘ഇനി സ്വീകരിക്കില്ല’ എന്ന് പറയേണ്ടതായി വന്നു. പാർട്ടി മാറിയ പലരെയും ബി.ജെ.പി പലയിടത്തും മത്സരിപ്പിക്കുകയും ചെയ്തു.
എന്നാൽ, തങ്ങളുടെ പാർട്ടി വൈറസ് മുക്തമായെന്നായിരുന്നു അന്ന് തൃണമൂലുകാർ അതിന് മറുപടി നൽകിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വിജയം മമതയ്ക്കും തൃണമൂലിനും മാത്രമായി. അതിനേക്കാൾ അവരെ സന്തോഷിപ്പിച്ചതാകെട്ട തൃണമൂൽ വിട്ട് പോയി ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചവരിൽ ബഹുഭൂരിപക്ഷം പേരും തോൽവിയേറ്റുവാങ്ങി എന്നതും. നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്കെതിരെ ജയിച്ച സുവേന്ദു അധികാരി, കൂച്ച്ബിഹാറില്‍ മിഹിര്‍ ഗോസ്വാമി, ബിഷ്ണുപുറില്‍ തന്മയ് ഘോഷ്, റണഘട്ട് നോര്‍ത്ത് വെസ്റ്റില്‍ പാര്‍ത്ഥ സാരതി ചാറ്റര്‍ജി എന്നിവരൊഴിച്ച് പാർട്ടി വിട്ടുപോയവരെല്ലാം തോറ്റുതുന്നംപാടി.അതിൽ, ദയനീയ തോൽവിയറിഞ്ഞത് മമത മന്ത്രിസഭയില്‍ ജലസേചന വകുപ്പു മന്ത്രിയായിരുന്ന രാജീവ് ബാനര്‍ജിയായിരുന്നു.