നടൻ മേള രഘു അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.15 ന് എറണാകുളത്തെ അമ്യതാ ആശുപത്രിയിലായിരുന്നു അന്ത്യം.
മകൾ ശില്പയാണ് മരണ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആദ്യ ചിത്രം മമ്മൂട്ടിയോടൊപ്പവും (മേള) അവസാനം മോഹൻലാലിനോടൊപ്പവും (ദൃശ്യം) അഭിനയിക്കാൻ കഴിഞ്ഞു.
ഏപ്രിൽ 16 ന് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാൽ കുഴഞ്ഞ് വീഴുകയായിരുന്നു. ആദ്യം ചേർത്തലയിലെ ആശുപത്രിയിലും, പിന്നീട് അമ്യതയിൽ ഐ.സി യു വിലുമായിരുന്നു. ഡോക്ടർമാർ ഏറെ പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.
ഏപ്രിൽ 25 ന് ഏക മകൾ ശില്പയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും രഘു ചികിൽസയിൽ ആയിരുന്നതിനാൽ മാറ്റി വെച്ചു. മകളുടെ വിവാഹ ഒരുക്കങ്ങൾക്കായി ഓടി നടന്ന രഘുവിന് അത് കാണാൻ വിധി തുണച്ചില്ല.
ഒരൊറ്റ സിനിമയിൽ നക്ഷത്രമായി ഉദിച്ചു ഉയർന്നു താരമായിരുന്നു കെ.ജി.ജോർജ്ജിന്റെ വിഖ്യാത ചിത്രം മേളയിലെ നായകൻ. ഏഷ്യയിൽ ആദ്യമായി ഒരു കുഞ്ഞൻ നായകനായ ചിത്രം, മമ്മൂട്ടി സഹനടനും.
ചെങ്ങന്നൂർ രാധാകൃഷ്ണ സദനത്തിൽ രാമകൃഷ്ണ പിള്ളയുടെയും, സരസ്വതി അമ്മയുടെയും മകൻ ശശിധരൻ കെ.ജി.ജോർജ്ജിന്റെ മേളയിൽ വന്നപ്പോൾ ആണ് രഘു ആയത്. ചിത്രം റിലീസ് ആയപ്പോൾ മേള രഘുവായി അറിയപ്പെട്ടു. കഴിഞ്ഞ 25 വർഷമായി ചേർത്തല കെ. വി. എം ആശുപത്രിക്ക് സമീപം വാടക വീട്ടിലായിരുന്നു താമസം.
സ്ക്കൂൾ കാലം തൊട്ട് കലയുടെ വഴികളിലുടെയുള്ള നടത്തം. കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നെങ്കിലും പഠനം പാതിവഴിയിൽ നിലച്ചു. തുടർന്ന് സർക്കസിൽ കുഞ്ഞു ശരീരം കൊണ്ട് വലിയവരെ ചിരിപ്പിച്ചു.
1980 ൽ കെ.ജി.ജോർജ്ജ് പുതിയ ചിത്രത്തിലേക്ക് കുഞ്ഞൻ നായകനെ തേടുന്ന സമയത്ത് സർക്കസ് കാണാൻ എത്തിയ നടൻ ശ്രീനിവാസനാണ് സിനിമയിലെത്താൻ നിമിത്തമായത്. കൂത്തുപറമ്പ് , പാട്യം എന്നിവിടങ്ങളിൽ ആയിരുന്നു ഷൂട്ടിങ്ങ്.
ബെൽ ബോട്ടം പാന്റ്സും ബെൽട്ടും ചുണ്ടിലൊരു ഫിൽട്ടർ സിഗരറ്റും കൈയ്യിൽ റേഡിയോയുമായി നടക്കുന്ന പൂത്ത കാശ് കൈയ്യിലുള്ള സർക്കസ്സ് ജീവിതത്തിൽ നിന്നും അവധിക്ക് നാട്ടിൽ എത്തുന്ന ഗോവിന്ദൻ കുട്ടിയെ പ്രേക്ഷകർ ഏറെടുത്തു.
40 വർഷത്തെ സിനിമാ ജീവിതത്തിൽ സഞ്ചാരി , മുഖചിത്രം , കാവടിയാട്ടം , ഇരിക്കൂ എം.ഡി അകത്തുണ്ട് , അപൂർവ്വ സഹോദരങ്ങൾ , വിനയപൂർവ്വം വിദ്യാധരൻ , ഇന്ത്യൻ പ്രണയകഥ , ദൃശ്യം , തുടങ്ങി 25 ഓളം സിനിമകളിൽ വേഷമിട്ടു. വേലു മാലു സർക്കസ്സ് എന്ന സീരിയലിലും , കെ.പി.എ.സിയുടെ ഇന്നലകളിലെ ആകാശം എന്ന നാടകത്തിലും അഭിനയിച്ചു .
വിവരണം : എം കെ ബിജു മുഹമ്മദ്