ചെന്നൈ: മുൻ മുഖ്യമന്ത്രി എം. കരുണാനിധിയും മകൻ എം.കെ. സ്റ്റാലിനും രണ്ടു ദശാബ്ദ കാലത്തിലേറെ അരങ്ങുവാണ തമിഴ്നാട് നിയമസഭയിലേക്ക് തലമുറമാറ്റത്തിനായി മകൻ ഉദയ്നിധിയും. 1996 മുതൽ കരുണാനിധി അന്തരിച്ച 2018 ആഗസ്റ്റ് ഏഴുവരെയും പിതാവിനൊപ്പം ഇളയ മകനായ എം.കെ. സ്റ്റാലിനും നിയമസഭയിൽ ഒന്നിച്ചുണ്ടായിരുന്നു. 2006-11 കാലയളവിൽ കരുണാനിധി മുഖ്യമന്ത്രിയും സ്റ്റാലിൻ തദ്ദേശ മന്ത്രിയുമായിരുന്നു. 2009 മേയ് മുതൽ ഉപമുഖ്യമന്ത്രിയും.
ഉദയ്നിധി മുത്തച്ഛൻ കരുണാനിധിയുടെ മറീന ബീച്ചിലെ സമാധി കൂടി ഉൾപ്പെടുന്ന ചേപ്പാക്കം- തിരുവല്ലിക്കേണി മണ്ഡലത്തിൽനിന്നാണ് ജയിച്ചുകയറിയത്. മൂന്നു തവണ കരുണാനിധി വിജയിച്ച സീറ്റ് കൂടിയാണിത്. ഉദയ്നിധി ആദ്യമായാണ് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഒരു വർഷം മുമ്പ് ഉദയ്നിധിയെ ഡി.എം.കെ യുവജന വിഭാഗം ജനറൽ സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാൽ, സ്റ്റാലിെൻറ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഉദയ്നിധിയെ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്ന് പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു.