പുതുമുഖ മന്ത്രിമാരുടെ നിരയുമായി രണ്ടാം പിണറായി സർക്കാർ ഒരുങ്ങുന്നു.

പുതുമുഖ മന്ത്രിമാരുടെ നിരയുമായി രണ്ടാം പിണറായി സർക്കാർ ഒരുങ്ങുന്നു. മന്ത്രിമാരെയും പ്രധാന വകുപ്പുകളിൽ ആരൊക്കെ വേണം എന്ന് നിശ്ചയിക്കാനുള്ള സിപിഎമ്മിന്റെ നിർണായക സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് തുടരുന്നു. എല്ലാവരും പുതുമുഖങ്ങൾ വരട്ടെ എന്ന അഭിപ്രായവും ചർച്ചചെയ്യുന്നതായാണ് അറിയുന്നത്. അങ്ങനെ വരുമ്പോൾ കെ.കെ ശൈലജയുടെ പദവി എന്ത് വേണം എന്നതാണ് പ്രധാനമായും ചർച്ചചെയ്യുന്നത്.

 

മന്ത്രിമാരുടെ സാധ്യതാ പട്ടികയിൽ പറഞ്ഞുകേൾക്കുന്നത് ഈ പേരുകളാണ്. കെ.കെ. ശൈലജ, എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, സി.എച്ച് കുഞ്ഞമ്പു, പി.പി. ചിത്തരഞ്ജൻ, പി. നന്ദകുമാർ, വീണ ജോർജ്, എം.ബി. രാജേഷ്, കാനത്തിൽ ജമീല, ആർ. ബിന്ദു എന്നീ പേരുകളാണുള്ളത്. ഡി.വൈ.എഫ്.ഐയിൽ നിന്ന് മുഹമ്മദ് റിയാസോ എ.എൻ. ഷംസീറോ വരും.

 

സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.രാജീവും കെ.എൻ ബാലഗോപാലും മന്ത്രിമാരാകുമെന്ന് ഉറപ്പാണ്. ഇതലൊരാൾ ധനമന്ത്രിയായാൽ മറ്റേയാൾക്ക് പൊതുമരാമത്ത് വകുപ്പായിരിക്കും ലഭിക്കുക. പി.പി. ചിത്തരഞ്ജന്റ പേരാണ് ഫിഷറീസ് വകുപ്പിലേക്ക് ഉയർന്നു കേൾക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ശിവൻകുട്ടി മന്ത്രിസ്ഥാനം ഉറപ്പിച്ചു. എം.വി. ഗോവിന്ദന് വ്യവസായവും വി.എൻ. വാസവന് എക്സൈസ് വകുപ്പും ലഭിച്ചേക്കും. ശൈലജ ടീച്ചർ മന്ത്രിയായി തുടർന്നാൽ ആരോഗ്യവകുപ്പ് തന്നെയാകും ലഭിക്കുക. അല്ലെങ്കിൽ ഒരുപക്ഷേ വീണ ജോർജിന്റെ പേര് ആ വകുപ്പിലേക്ക് പരിഗണിച്ചേക്കും. ജലീലിനൊപ്പം വീണ ജോർജിന്റെ പേര് സ്പീക്കർ സ്ഥാനത്തേക്കും കേൾക്കുന്നുണ്ട്.

 

എ.സി. മൊയ്തീൻ മന്ത്രിയായി തുടർന്നാൽ വൈദ്യുതി വകുപ്പിലേക്ക് പരിഗണിച്ചേക്കും. എ.കെ. ബാലൻ വഹിച്ച വകുപ്പുകളാകും കെ. രാധാകൃഷ്ണന് ലഭിക്കുകയെന്നാണ് സൂചന. തദ്ദേശ സ്വയം ഭരണ വകുപ്പിലേക്ക് ശിവൻകുട്ടിയോ സജി ചെറിയാനോ എത്തിയേക്കാം. വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തേക്ക് എം.ബി. രാജേഷിന്റെ പേരിനാണ് മുൻതൂക്കം. കേരള കോൺഗ്രസിന് ഒരുപക്ഷേ കൃഷി വകുപ്പ് ലഭിച്ചേക്കും.

 

ഇന്നലെ രാത്രി പൊളിറ്റ്ബ്യൂറോ അംഗങ്ങൾക്കിടിയിൽ ഇതു സംബന്ധമായ പ്രാഥമികചർച്ചയും നടന്നു.

 

സി.പി.ഐക്ക് ഇത്തവണയും നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ പദവിയും ലഭിച്ചേക്കും. ജി.ആർ. അനിലിന്റെയും ചിറ്റയം ഗോപകുമാറിന്റെയും പേരാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

spot_img

Related Articles

Latest news