കോഴിക്കോട്: കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഭീതിയും ആശങ്കയും വളര്‍ത്തുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗ ചികിത്സക്കായി ബെഡുകള്‍ ഇല്ലെന്ന് പറയുന്ന വയനാട് സ്വദേശിയുടേതായുള്ള ശബ്ദ സന്ദേശമാണ് വാട്‌സാപ് ഗ്രൂപ്പുകളിലും മറ്റും പ്രചരിക്കുന്നത്.
കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഓക്‌സിജന്‍ വേണമെങ്കില്‍ ഡോക്റ്ററുടെ സര്‍ട്ടിഫിക്കറ്റും എടുക്കാന്‍ ചെല്ലുന്ന വ്യക്തിയുടെ തിരിച്ചറിയല്‍ കോപ്പിയും നല്‍കിയാല്‍ 4000 ഡെപ്പോസിറ്റില്‍ ഓക്‌സിജന്‍ കിട്ടുമെന്നും സിലിണ്ടര്‍ തിരികെ കൊടുക്കുമ്പോള്‍ അടച്ച തുക തിരികെ ലഭിക്കുമെന്നുള്ള തെറ്റായ സന്ദേശവും പ്രചരിക്കുന്നുണ്ട്. ഈ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തി വ്യക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.
ജില്ലയില്‍ നിലവില്‍ ബെഡ്ഡുകളുടെ ക്ഷാമമില്ല. ഒഴിവുള്ള ബെഡ്ഡുകളുടെ എണ്ണം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ കാണാന്‍ സാധിക്കും. ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്താന്‍ വാര്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതേ വരെ ഒരു ആശുപത്രിയിലും ക്ഷാമമുണ്ടായിട്ടില്ല. ആശുപത്രികളിലേക്കുള്ള ഓക്്‌സിജന്‍ വിതരണം ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.