കൊൽക്കൊത്ത : വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തിയ തൃണമൂൽ കോൺഗ്രസ് മന്ത്രിസഭ അധികാരമേറ്റു. മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു. നന്ദിഗ്രാമിൽ പരാജയപ്പെട്ടത് കൊണ്ട് 6 മാസത്തിനുള്ളിൽ തിരഞ്ഞെടുക്കപ്പെട്ടു നിയമസഭയിൽ എത്തേണ്ടി വരും.
കോവിഡ് വ്യാപനം മൂലം ലളിതമായ ചടങ്ങിൽ ഗവർണർ ജഗദീപ് ധൻകാർ സത്യവാചകം ചൊല്ലിക്കൊടുത്തു. 8 ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സർവ സന്നാഹങ്ങളും ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടും കാര്യമായ നേട്ടം ഉണ്ടാക്കാൻ ബംഗാൾ ജനത ഇടം നൽകിയില്ല.
കേന്ദ്ര മന്ത്രിമാരുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും മറ്റു മുതിർന്ന നേതാക്കളുടെയും ഒരു പട തന്നെ സംസ്ഥാന തിരഞ്ഞെടുപ്പിലുടനീളം പ്രചാരണത്തിനുണ്ടായിരുന്നു. നിരവധി ത്രിണമൂൽ നേതാക്കളെ സ്വാധീനിച്ചു വശത്താക്കി പ്രചാരണായുധം നിറച്ചുവെങ്കിലും മമത കുലുങ്ങിയില്ല. ഒരർത്ഥത്തിൽ മമത ബാനർജിയെന്ന ഒറ്റയാൾ പടയുടെ വിജയം തന്നെയാണ് ബംഗാൾ അവർക്കു സമ്മാനിച്ചത്.