ജമാഅത്തെ ബന്ധം : യുഡിഎഫിൽ വിമർശനം

കോഴിക്കോട്‌: ജമാഅത്തെ  ഇസ്ലാമിയുമായുള്ള ചങ്ങാത്തം എല്ലാം തുലച്ചെന്ന്‌ മുസ്ലിംലീഗിൽ വിമർശം. ലീഗിന്റെ പ്രലോഭനത്തിൽ ജമാഅത്തെ ബന്ധം തുടർന്നത്‌ നഷ്ടക്കച്ചവടമായെന്ന്‌ കോൺഗ്രസിലെ ഒരു വിഭാഗവും. ക്രിസ്‌ത്യൻ വോട്ടുകൾ നഷ്ടമാകാൻ ജമാഅത്തെ–തീവ്രവാദബന്ധം കാരണമായെന്നാണ്‌ കോൺഗ്രസിലെയും ലീഗിലെയും പ്രമുഖരുടെ വിലയിരുത്തൽ.

സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെവിഭാഗം) നേതാക്കൾ നൽകിയ മുന്നറിയിപ്പ്‌ ഫലിച്ചെന്നാണ്‌ വിശകലനം തെളിയിക്കുന്നത്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ ശേഷം ജമാഅത്തെയുടെ വെൽഫെയർ പാർടിയുമായി ധാരണയില്ലെന്നായിരുന്നു പരസ്യ പ്രഖ്യാപനം. എന്നാൽ ലീഗിലെ ഉന്നതർ ഇടപെട്ട്‌ രഹസ്യധാരണ തുടർന്നു. വെൽഫെയർ മത്സരിക്കാതെ വിട്ടുനിന്നു. 19 സീറ്റിലേ സ്ഥാനാർഥികളെ നിർത്തിയുള്ളൂ. കൊടുവള്ളി, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ ലീഗിനിത്‌ ഗുണവുമായി. അഴീക്കോട്‌, കുറ്റ്യാടി, പേരാമ്പ്ര എന്നിവിടങ്ങളിലും സഹായം കിട്ടി. തൃശൂർ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേരളാ കോൺഗ്രസ്‌(ജോസ്‌) മാത്രമല്ല തിരിച്ചടിക്ക്‌ കാരണമെന്ന നിരീക്ഷണം കോൺഗ്രസ്‌ സ്ഥാനാർഥികൾക്കുമുണ്ട്‌.

തോൽവി വരുത്തി വച്ചതെന്ന്‌ സമസ്‌ത.
ലീഗും കോൺഗ്രസും തോൽവി ക്ഷണിച്ചുവരുത്തിയെന്ന വികാരമാണ്‌ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) നേതൃത്വത്തിനുമുള്ളത്‌. പൗരത്വ നിയമ ഭേദഗതി മുതൽ ആർഎസ്‌എസിനെയും ബിജെപിയെയും വിമർശിക്കുന്നതിൽ കാട്ടിയ കടുത്ത അലസതവരെ യുഡിഎഫിന്റെ തോൽവിക്ക്‌ കാരണമായി സമസ്‌ത കാണുന്നു. പൗരത്വ വിഷയത്തിൽ സർക്കാരിനെ പിന്തുണച്ച സമസ്‌ത ജനറൽ സെക്രട്ടറി ടി കെ ആലിക്കുട്ടി മുസ്ല്യാർ, മുശാവറ അംഗം ഉമർഫൈസി മുക്കം എന്നിവരെ ലീഗ്‌ നേതാക്കൾ പരസ്യമായി അധിക്ഷേപിച്ചിരുന്നു. അമിത്‌ഷായും നേതാക്കളും കേരളത്തെയും സർക്കാരിനെയുംഅധിക്ഷേപിച്ചപ്പോൾ യുഡിഎഫ്‌ നേതാക്കൾ വാ തുറന്നില്ല.

മുഖ്യമന്ത്രി അമിത്‌ഷാക്ക്‌ നൽകിയ പ്രതികരണവും വോട്ടർമാരെ സ്വാധീനിച്ചിരിക്കാം. ലീഗ്‌ നേതാക്കളുടെ ബിജെപി സഹായത്തിൽ എൽഡിഎഫ്‌ വിജയമെന്ന വാദം ഇരുട്ടുകൊണ്ട്‌ ഓട്ടയടയ്‌ക്കലാണെന്നും ഇവർ കരുതുന്നു.

ലീഗ്‌ ഉന്നതാധികാരസമിതി ഇന്ന്‌
അപ്രതീക്ഷിത പരാജയത്തിന്റെ കാരണംതേടി വ്യാഴാഴ്‌ച മുസ്ലിംലീഗ്‌ നേതൃയോഗം. സീറ്റ്‌ നഷ്ടത്തിലും തിരിച്ചടിയിലും നേതൃത്വത്തിനെതിരായ കടന്നാക്രമണം ശക്തമാകുന്നതിനിടെയാണ്‌ ഉന്നതാധികാരസമിതിയോഗം ചേരുന്നത്‌. രാവിലെ 10ന്‌ മലപ്പുറം പാണക്കാട്ടാണ്‌ യോഗം. ലീഗിന്റെ പുതിയ നിയമസഭാംഗങ്ങളുടെ യോഗവും ചേരും. 27 മണ്ഡലത്തിൽ മത്സരിച്ച ലീഗ്‌ 15 സീറ്റിലേ വിജയിച്ചുള്ളൂ.

spot_img

Related Articles

Latest news