സിൽവർ ലൈൻ:- വിദേശവായ്‌പയ്‌ക്ക്‌ അപേക്ഷിക്കാൻ അനുമതി

തിരുവനന്തപുരം:കാസർകോട്‌– തിരുവനന്തപുരം നാല്‌ മണിക്കൂറിൽ എത്താവുന്ന അർധ അതിവേഗ റെയിൽ പാതയ്‌ക്ക്‌ (സിൽവർ ലൈൻ) വിദേശ വായ്‌പയ്‌ക്ക്‌ കേന്ദ്ര ധനമന്ത്രാലയത്തെ സമീപിക്കാൻ അനുമതി. കേന്ദ്ര റെയിൽവേ മന്ത്രാലയം, നിതി ആയോഗ്‌, ധനമന്ത്രാലയത്തിന്‌ കീഴിലെ ബന്ധപ്പെട്ട സമിതി എന്നിവയാണ്‌ കേരള റെയിൽ ഡെവലപ്മെന്റ്‌ കോർപറേഷൻ ലിമിറ്റഡിന്‌ (കെ- റെയിൽ) അനുമതി നൽകിയത്‌.

നേരത്തെ ഇതിന്‌ സമർപ്പിച്ച രേഖകളിൽ വിശദീകരണം ആവശ്യപ്പെട്ടത്‌ വിവാദമാക്കി പദ്ധതി അപ്രായോഗികമാണെന്ന്‌ നിതി ആയോഗ്‌ വിലയിരുത്തിയതായി പ്രചരിപ്പിച്ച്‌ വലതുമാധ്യമങ്ങളും പ്രതിപക്ഷവും വൻപ്രചാരണം നൽകിയിരുന്നു. കെ റെയിലിന്റെ വിശദീകരണം തൃപ്‌തികരമാണെന്നുകണ്ടാണ്‌ നിതി ആയോഗും റെയിൽവേ മന്ത്രാലയവും വായ്‌പാ നടപടികളുമായി മുന്നേറാൻ പച്ചക്കൊടി കാട്ടിയത്‌.

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ സിൽവർ ലൈൻ കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകരിച്ചതാണ്‌. 63,941 കോടി രൂപ ചെലവിൽ അഞ്ച്‌ വർഷംകൊണ്ട്‌ യാഥാർഥ്യമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക്‌ പ്രധാനമായും വിദേശ ഏജൻസികളിൽനിന്നുള്ള വായ്പയെയാണ്‌ ആശ്രയിക്കുന്നത്‌. വായ്‌പയ്‌ക്ക്‌ അപേക്ഷിക്കാൻ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അന്തിമ അനുമതിവേണം.

വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ വായ്‌പയ്‌ക്ക്‌ അപേക്ഷിക്കുംമുമ്പ്‌ സ്ഥാപന പ്രതിനിധികൾ പദ്ധതി പ്രദേശം കണ്ട്‌ ഡിപിആർ വിശദമായി പഠിക്കേണ്ടതുണ്ട്‌. അതിന്‌ ശേഷമേ വായ്‌പയ്‌ക്ക്‌ കേന്ദ്ര ധനമന്ത്രാലയം വഴി സമീപിക്കാനാകൂ. ഈ നടപടികൾ പൂർത്തികാൻ ഒരു വർഷമെങ്കിലും വേണ്ടിവരുമെന്ന്‌ കെ റെയിൽ എംഡി വി അജിത്‌കുമാർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ പൂർണ അനുമതിക്കുള്ള നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്‌ കാല മാന്ദ്യത്തിനുശേഷം സംസ്ഥാനത്തിന്റെ മൊത്തം വളർച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലാണ്‌ സിൽവർ ലൈൻ സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്‌. തിരുവനന്തപുരംമുതൽ തിരൂർവരെ റെയിൽപാതയിൽനിന്ന് മാറിയും തിരൂരിൽനിന്ന് കാസർകോട്‌ വരെ റെയിൽ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സിൽവർ ലൈൻ നിർമിക്കുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ.

സ്ഥലമേറ്റെടുപ്പിന്‌ 3000 കോടി.
ജനസാന്ദ്രത കുറഞ്ഞ മേഖലകളിൽകൂടി 15 മുതൽ 25 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കാനാണ്‌ ശ്രമം. തത്വത്തിൽ അംഗീകരിച്ചതിനാൽ സ്ഥലമേറ്റെടുക്കൽ ആരംഭിക്കാം. ഇതിന്‌ ഹഡ്‌കോയിൽനിന്ന്‌ 3000 കോടിയുടെ വായ്‌പ ലഭ്യമാക്കി. ഏറ്റെടുക്കുന്ന സ്ഥലത്തിന് മികച്ച പ്രതിഫലം നൽകും. ജനങ്ങളെ പൂർണമായി വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കും പദ്ധതി. പരാതികൾ ഏറ്റെടുക്കലിന്‌ മുമ്പുതന്നെ പരിഹരിക്കും.

spot_img

Related Articles

Latest news