തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ അധ്യയനവര്‍ഷം ആരംഭിക്കുന്നതില്‍ അനിശ്ചിതത്വം. വിക്ടേഴ്സ് വഴി കോവിഡ് പ്രതിരോധ, ബോധവത്കരണ പരിപാടി ആരംഭിച്ചതോടെ ജൂണ്‍ ആദ്യം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ക്ലാസ് തുടങ്ങാന്‍ സാധ്യത മങ്ങി.
ജൂണില്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഡിജിറ്റല്‍ ക്ലാസ് തുടങ്ങാനാണ് ആലോചിച്ചിരുന്നത്. ആരോഗ്യവകുപ്പുമായി ചേര്‍ന്നാണ് വിക്ടേഴ്സില്‍ ‘അതിജീവനം’ എന്ന പേരില്‍ വിവിധ പരിപാടികള്‍ ആരംഭിച്ചത്. ഈ പരിപാടികളുടെ ചിത്രീകരണത്തിനും സംപ്രേഷണത്തിനുമാണ് വിക്ടേഴ്സ് സ്റ്റുഡിയോ ഉപയോഗിക്കുന്നത്.