ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. സ്റ്റാലിനൊപ്പം 34 അംഗ മന്ത്രിസഭയും ചുമതലയേറ്റു.
മൂന്നുവര്‍ഷത്തോളം ഡിഎംകെ അധ്യക്ഷനായ എം കെ സ്റ്റാലിന്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പദവിയില്‍ എത്തുന്നത്. ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുഗന്‍, മുന്‍ ചെന്നൈ മേയര്‍ മാ സുബ്രഹ്മണ്യം, പളനിവേല്‍ ത്യാഗരാജന്‍, കെ എന്‍ നെഹ്‌റു ആര്‍ ഗാന്ധി എന്നിവരാണ് സ്റ്റാലിന്‍ മന്ത്രിസഭയിലെ മറ്റ് പ്രമുഖര്‍. 34 അംഗ മന്ത്രിസഭയില്‍ രണ്ട് വനിത അംഗങ്ങളുമുണ്ട്. പി ഗീത ജീവന്‍ സാമൂഹ്യക്ഷേമ വനിത ശാക്തീകരണ വകുപ്പും, എന്‍ കായല്‍വിഴി സെല്‍വരാജിന് ആദി ദ്രാവിഡ ക്ഷേമ വകുപ്പും നല്‍കി.
അതേസമയം, ചെപ്പോക്ക് – തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച മകന്‍ ഉദയനിധി സ്റ്റാലിന്റെ പേര് ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നെങ്കിലും പട്ടികയില്‍ ഉള്‍പ്പടുത്തിയില്ല. 230 അംഗ നിയമസഭയില്‍ 159 സീറ്റുകളില്‍ വിജയം നേടിയാണ് പത്തുവര്‍ഷത്തിനുശേഷം ഡിഎംകെ സഖ്യം അധികാരത്തിലേറുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ കോവിഡ് ദുരിതാശ്വാസം ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവിൽ ഒപ്പുവെച്ച് എം.കെ. സ്റ്റാലിൻ.
കോവിഡ് ബാധിത ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാൻ അർഹതയുള്ള റേഷൻ കാർഡ് ഉടമകൾക്ക് ആദ്യഗഡുവെന്ന നിലയിൽ 2000 രൂപ നൽകാൻ സ്റ്റാലിൻ ഉത്തരവിട്ടു. കോവിഡിന്റെ പശ്ചാത്തലത്തിൽ പാവപ്പെട്ടവർക്ക് 4,000 രൂപ ധനസഹായമായി നൽകുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഡി.എം.കെ. വാഗ്ദാനം ചെയ്തിരുന്നു. 4,153.39 കോടി ചെലവു വരുന്ന ഈ പദ്ധതി 2.07 കോടി റേഷൻ കാർഡ് ഉടമകൾക്ക് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്.
തിരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞിരുന്നവയും നടപ്പാക്കാൻ സർക്കാർ ഉത്തരവിട്ടതുമായ മറ്റ് കാര്യങ്ങൾ:
സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ആവിൻ കമ്പനിയുടെ പാലിന് മേയ് മൂന്നുമുതൽ മൂന്നുരൂപ കുറയ്ക്കും.
മേയ് എട്ടുമുതൽ സർക്കാർ ബസുകളിൽ വനിതകൾക്ക് സൗജന്യയാത്ര. സർക്കാർ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന് സബ്സിഡിയായി 1,200 കോടി രൂപ നൽകും.
മുഖ്യമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സാച്ചെലവ് സർക്കാർ നൽകും.
മുഖ്യമന്ത്രി നിങ്ങളുടെ മണ്ഡലത്തിൽ പദ്ധതി പ്രകാരം ജനങ്ങൾ സമർപ്പിക്കുന്ന പരാതികൾ പരിഹരിക്കാൻ ഐ.എ.എസ്. ഓഫീസർ അധ്യക്ഷനായ വകുപ്പ് രൂപവത്കരിക്കും.