മുരളീധരനും സുരേന്ദ്രനും പാര്‍ട്ടിയുടെ 
വിശ്വാസ്യത തകര്‍ത്തു

കേരളത്തില്‍ ബിജെപിയുടെ വിശ്വാസ്യത തകര്‍ത്ത പ്രവര്‍ത്തനമാണ് കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും നടത്തിയതെന്ന് കേന്ദ്ര നേതൃത്വത്തിന് പരാതി. മുന്‍ സംസ്ഥാന പ്രസിഡന്റുമാരും തോറ്റ സ്ഥാനാര്‍ഥികളുമടക്കമുള്ളവരാണ് പരാതിയയച്ചത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം പരാതിയുടെ പകര്‍പ്പുകള്‍ കൈമാറി.

വോട്ടുകച്ചവടംചെയ്യുന്ന പാര്‍ട്ടിയാണെന്ന ധാരണ ജനങ്ങളില്‍ ശക്തമായി. വി മുരളീധരനും കെ സുരേന്ദ്രനുമാണ് അതിന് കാരണക്കാര്‍. 35 സീറ്റ് കിട്ടിയാല്‍ സര്‍ക്കാരുണ്ടാക്കുമെന്ന് പ്രചരിപ്പിച്ചത് ഇത്തരം കച്ചവട ധാരണ ജനങ്ങളില്‍ ഊട്ടിയുറപ്പിച്ചു. 1991ല്‍ ബിജെപി വ്യാപകമായി വോട്ടുകച്ചവടം നടത്തിയിരുന്നു. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും തുടര്‍ന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പിനും ശേഷമാണ് വിശ്വാസ്യത വീണ്ടെടുക്കാന്‍ സാധിച്ചത്.

തുടര്‍ന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ടുവിഹിതം വര്‍ധിപ്പിച്ചു. 2016ല്‍ നിയമസഭാ പ്രാതിനിധ്യവുംനേടി. ഇതെല്ലാം തകിടംമറിച്ച്‌ ഉണ്ടായിരുന്ന നിലകൂടി ഇപ്പോള്‍ തകര്‍ത്തു. 90 അസംബ്ലി മണ്ഡലത്തില്‍ 1991നേക്കാള്‍ പിറകോട്ടടിപ്പിച്ചു. ഈ നേതൃത്വവുമായി പാര്‍ട്ടിക്ക് സംസ്ഥാനത്ത് മുന്നോട്ടുപോകാനാകില്ല. ജനങ്ങള്‍ക്ക് വിശ്വാസമുള്ള നേതൃത്വത്തെ കൊണ്ടുവരാന്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

പശുവിനെ പുല്ല് തിന്നാന്‍ അനുവദിക്കാത്ത ശ്വാനന്മാര്‍ക്ക് തുല്യമാണ് പ്രസിഡന്റും സൂപ്പര്‍ പ്രസിഡന്റും എന്ന പാര്‍ട്ടിക്കകത്തെ അടക്കംപറച്ചില്‍ യാഥാര്‍ഥ്യമായി. അന്നന്നത്തെ ഇരയ്ക്കുവേണ്ടി കൊല്ലുന്നതിനു സമാനമാണ് വി മുരളീധരന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍വേണ്ടി മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.

spot_img

Related Articles

Latest news