രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. 20ന് വൈകീട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.
കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രവേശനമുണ്ടാകൂ. ചടങ്ങിനു മുന്നോടിയായി മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. മന്ത്രിസഭയില്‍ 21 അംഗങ്ങള്‍ വരെ ആകാമെന്ന് സിപിഎം-സിപിഐ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.
സിപിഐക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറുമാണ് ധാരണയായിട്ടുള്ളത്. മറ്റു ഘടകകക്ഷികളോടുകൂടി ചര്‍ച്ച ചെയ്ത ശേഷമാകും ഇക്കാര്യത്തില്‍ അവസാന തീരുമാനം കൈക്കൊള്ളുക. ഏകാംഗ കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്നാണ് അറിയുന്നത്.
17ന് എല്‍ഡിഎഫ് യോഗവും 18ന് സിപിഎം സംസ്ഥാന കമ്മിറ്റി യോഗവും ചേരുന്നുണ്ട്. സിപിഎം യോഗത്തോടെ മന്ത്രിസഭയുടെ അന്തിമചിത്രം പുറത്തുവന്നേക്കും.