കേരളത്തിന്റെ പുതിയ കാബിനറ്റിൽ പ്രവാസ കാര്യത്തിന് പ്രത്യേകമായി മന്ത്രിയെ ചുമതലപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഐ സി എഫ് ഗൾഫ് കൗൺസിൽ മുഖ്യമന്ത്രിക്കും ഭരണകക്ഷി നേതാക്കൾക്കും കത്തയച്ചു.
കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിൽ പ്രവാസി മലയാളികൾ വഹിക്കുന്ന പങ്ക് പങ്കാളിത്തം സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. മുപ്പത് ലക്ഷത്തിലധികം ആളുകളാണ് കേരളത്തിൽ നിന്ന് പുറത്തുപോയി ജീവസന്താരണം നടത്തുന്നത്. കേരള ജനസംഖ്യയുടെ നല്ല ഒരു ശതമാനം വരുന്ന ഈ വിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സവിശേഷ ശ്രദ്ധ നൽകേണ്ട കാര്യമാണ്. വിവിധ സാഹചര്യങ്ങളാൽ അതിജീവനം, തിരിച്ചുവരവ്, പുനരധിവാസം തുടങ്ങിയ പ്രശ്നങ്ങളെയും അഭിമുഖീകരിക്കുകയാണ് പ്രവാസികളിന്ന്. ഒരു വർഷത്തിനിടെ എട്ട് ലക്ഷത്തോളം പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയെന്നാണ് ചില കണക്കുകൾ പറയുന്നത്. അതോടൊപ്പം തന്നെ പുതിയ ദേശങ്ങളിലേക്കു പ്രവാസം പടരുന്ന സാഹചര്യവുമുണ്ട്. ബഹുമുഖ പ്രതിഭാത്വത്തിന്റെ നിറവുള്ള സമൂഹം കൂടിയാണ് പ്രവാസികൾ. അവരെ കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ പങ്കാളികളാക്കി ആയിരിക്കണം റീബിൾഡ് കേരള പദ്ധതിയുടെ മുന്നോട്ട് പോക്ക്. ഈ വിഷയങ്ങളിൽ സവിശേഷ ശ്രദ്ധ നൽകുന്നതിന് പുതിയ കാബിനറ്റിൽ പ്രത്യേകമായി മന്ത്രിയെ ചുമതലപ്പെടുത്തണമെന്ന് കത്തിൽ ഐ സി എഫ് ആവശ്യപ്പെട്ടു.